ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തുനിന്നും പാകിസ്താന്‍ പൗരനെ പിടികൂടി സൈന്യം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കെ അതിര്‍ത്തിയില്‍നിന്നും പാകിസ്താന്‍ പൗരനെ പിടികൂടിയ സംഭവത്തെ ഗൗരവതരമായാണ് കാണുന്നതെന്നും ഇയാളെ ചോദ്യംചെയ്ത് വരികയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച അറിയിച്ചു. 

To advertise here,

പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്താന്‍ പൗരനെ ബിഎസ്എഫ് സംഘം പിടികൂടി ദിവസങ്ങള്‍ക്കിപ്പുറമാണ് സമാനമായി പൂഞ്ചില്‍ നിന്നും മറ്റൊരാളെയും പിടികൂടിയിരിക്കുന്നത്. മെയ് മൂന്നാം തീയതി അര്‍ധരാത്രി പട്രോളിങിന് പോയ ബിഎസ്എഫ് ജവാന്മാരാണ് ഇയാളെ പിടികൂടിയത്. 

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ തടഞ്ഞ് ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാള്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളാണ് എന്ന് മനസിലാക്കിയത്. ഇയാളെ കൂടൂതല്‍ ചോദ്യംചെയ്യലിനായി പഞ്ചാബ് പോലീസിന് കൈമാറി. അതിര്‍ത്തിയില്‍ സൈന്യം പട്രോളിങ് കടുപ്പിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന 3323 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-പാക് അതിര്‍ത്തിയുടെ സുരക്ഷാ ചുമതല വഹിക്കുന്നത് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ആണ്. നേരത്തെ, അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ പട്ടാളക്കാരനെയും സമാനമായി പാക് സൈന്യം പിടികൂടിയിരുന്നു.