ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള പാകിസ്താന്റെ ആക്രമണങ്ങളില്‍ അപലപിച്ച് ഇന്ത്യ. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പഴയ രീതിയാണെന്നും ഇക്കാര്യത്തില്‍ അഫ്ഗാൻ വക്താവിന്റെ പ്രതികരണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. എക്‌സിലും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവെച്ചത്. അഫ്ഗാനിസ്താനിലെ വ്യോമാക്രമണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

To advertise here,

2024 ഡിസംബര്‍ 24-ന് രാത്രി അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 51 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

അഫ്ഗാനിസ്താനിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാര്‍ക്ക് നേരെ നടന്ന വ്യോമാക്രമണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ രാജ്യം അപലപിക്കുന്നു. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പഴയരീതിയാണ്. സംഭവത്തില്‍ അഫ്ഗാനിസ്താൻ വക്താവിന്റെ പ്രതികരണവും ശ്രദ്ധയില്‍പെട്ടിരുന്നു, രണ്‍ധീര്‍ ജയ്‌സ്വാള്‍ പോസ്റ്റില്‍ പറയുന്നു.  

അഫ്ഗാനിസ്താനിലെ ബര്‍മാല്‍ ജില്ലയിലെ പക്തിക പ്രവിശ്യയിലാണ് പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത്. ലാമന്‍ ഉള്‍പ്പടെ ഏഴ് ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തല്‍ഫലമായി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ പ്രതികരിച്ചിരുന്നു.