ബെംഗളൂരു: തെരുവ് നായകളുടെ പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് വെട്ടിലായി ജെഡി (എസ്) കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം എസ്.എല്‍. ഭോജേഗൗഡ. ചിക്കമംഗളൂരു മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷനായിരുന്ന കാലത്ത് രണ്ടായിരത്തോളം തെരുവുനായകളെ കൊലപ്പെടുത്തി മരങ്ങള്‍ക്ക് വളമാക്കിയിട്ടുണ്ട് എന്നായിരുന്നു ഭോജേഗൗഡയുടെ വിവാദ പ്രസ്താവന.
ബുധനാഴ്ച നിയമസഭയില്‍ സംസാരിക്കവെ പൊങ്ങച്ചം പറയുന്ന രീതിയിലായിരുന്നു ഭോജേഗൗഡയുടെ വിവാദപരാമര്‍ശം.'ഞാന്‍ ചിക്കമംഗളൂരു മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷനായിരുന്ന കാലത്ത് 2,800 തെരുവ് നായ്ക്കളെ കൊല്ലുന്നതിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. അവയെ മരങ്ങള്‍ക്കടിയില്‍ 'സ്വാഭാവിക വളമായി' ഉപയോഗിക്കാന്‍ കുഴിച്ചിടുകയാണ് ഞങ്ങള്‍ അന്ന് ചെയ്തത്,' ഭോജേഗൗഡ പറഞ്ഞു.
ഭോജേഗൗഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പൊതുജനങ്ങളുടെ ഇടയില്‍നിന്നും മൃഗാവകാശപ്രവര്‍ത്തകരില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. തെരുവ് നായകളുടെ വന്ധ്യംകരണവും അവയെ അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഭോജേഗൗഡയുടെ പ്രസ്താവന.
തെരുവ് നായകളെ ഉടന്‍ പിടികൂടി വന്ധ്യംകരിച്ച് അഭയകേന്ദ്രങ്ങളിലേക്ക് സ്ഥിരമായി മാറ്റണം എന്നാണ് സുപ്രീം കോടതി ഡല്‍ഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും നഗരസഭാ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ പ്രക്രിയയെ തടസപ്പെടുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സിസിടിവി നിരീക്ഷണമുള്ള അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, ആറാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് 5,000 തെരുവ് നായ്ക്കളെ പിടികൂടുക, നായയുടെ കടിയേല്‍ക്കുന്നവര്‍ക്കും പേവിഷബാധ ഏല്‍ക്കുന്നവര്‍ക്കുമായി ഒരു ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുക എന്നിവ കോടതിയുടെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട കര്‍ണാടക സ്റ്റേറ്റ് സര്‍വൈലന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ കര്‍ണാടകയില്‍ നായയുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് 2.86 ലക്ഷംകേസുകളും, പേവിഷബാധ സംശയിക്കുന്ന 26 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് നാലിനും 10-നും ഇടയില്‍ മാത്രം നായയുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് 5,652 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ആ ആഴ്ചയില്‍ പേവിഷബാധയുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അടുത്തിടെ കെംഗേരിക്ക് സമീപമുള്ള ബെംഗളൂരു സര്‍വകലാശാലാ കാമ്പസില്‍ വെച്ച് ഒരു കൂട്ടം തെരുവ് നായകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Content Highlights: oversaw killing of 2800 stray dogs and buried as compost karnataka jds leader sparks row
Published: 13 Aug 2025, 07:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented