ന്യൂഡൽഹി:ലോക്സഭയിൽ കേവല ഭൂരിപക്ഷം തികയ്ക്കാൻ പ്രാദേശിക പാർട്ടികളിലെ എംപിമാരെ ബിജെപിയിൽ ചേർക്കാൻ ശ്രമം നടത്തുമെന്ന് പ്രതിപക്ഷ പാർട്ടികൾക്ക് ആശങ്ക. 2019-ൽ ടിഡിപിയുടെ രാജ്യസഭാ അംഗങ്ങൾ ആയിരുന്ന നാല് എംപിമാരെ ആണ് ബിജെപിയിൽ ചേർത്തത്. ഇത്തവണ ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്‍.ആർ കോൺഗ്രസിലെ എംപിമാരെ ബിജെപി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. 

To advertise here,

2019-ൽ രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ടി.ഡി.പിക്ക് രാജ്യസഭയിൽ ആറ് എംപിമാരാണ് ഉണ്ടായിരുന്നത്. ഇതിൽ വൈ.എസ്. ചൗധരി, സി.എം. രമേശ്, ഗാരികപടി മോഹന്‍ റാവു, ടി.ജി. വെങ്കടേഷ് എന്നീ എംപിമാർ ടിഡിപിയിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. എംപിമാരുടെ കൂറുമാറ്റം ബിജെപിക്ക് രാജ്യസഭയിൽ തുണയായിരുന്നു. 

ഇത്തവണ ഇതേ രീതിയിൽ പ്രാദേശിക പാർട്ടികളിലെ എംപിമാരെ ലോക്സഭയിൽ ബിജെപിയിൽ ലയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക. ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്‍.ആർ കോൺഗ്രസ് ടിക്കറ്റിൽ നാലുപേരാണ് ലോക്സഭയിലേക്ക് ജയിച്ചത്. ഈ നാലുപേരെയും വൈകാതെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾക്ക് ആശങ്ക ഉണ്ട്. 

ഇതോടൊപ്പം രാജ്യസഭയിൽ ജഗൻ മോഹൻ റെഡ്ഢിയുടെ പാർട്ടിക്കുള്ള ഉള്ള 11 എംപിമാരിൽ ചിലരെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
മറ്റ് പാർട്ടികളിൽ നിന്നുള്ള എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ വേണ്ടിയാണ് സ്പീക്കർ സ്ഥാനം വിട്ടുനൽകില്ലെന്ന കടുത്ത നിലപാട് പാർട്ടി നേതൃത്വം സ്വീകരിക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം.