മുംബൈ: കറന്‍സികളില്‍നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക്. ചില മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുവന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്നും അത്തരത്തിലുള്ള നിര്‍ദേശം മുന്നിലില്ലെന്നും ആര്‍.ബി.ഐ. പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കറന്‍സികളില്‍ ഗാന്ധിജിയുടെ ചിത്രം അതേപടി തുടരും.

To advertise here,

ചില കറന്‍സിനോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പകരം രവീന്ദ്രനാഥ ടാഗോറിന്റെയും എ.പി.ജെ. അബ്ദുല്‍ കലാമിന്റെയും ചിത്രം ഉള്‍പ്പെടുത്തുമെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ട്.

ടാഗോറിന്റെയും കലാമിന്റെയും വാട്ടര്‍മാര്‍ക്കോടുകൂടിയ ചിത്രം ഉള്‍പ്പെടുത്തിയ രണ്ടുസെറ്റ് ഡിസൈന്‍ ആര്‍.ബി.ഐ.യും സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഐ.ഐ.ടി. ഡല്‍ഹിയിലെ പ്രൊഫ. ദിലീപ് ടി. ഷഹാനിക്ക് പരിശോധനയ്ക്കായി അയച്ചുനല്‍കിയെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ കല്‍ക്കത്ത ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും പൊതുതാത്പര്യ ഹര്‍ജികള്‍ വന്നിരുന്നു. കല്‍ക്കത്ത ഹൈക്കോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായംതേടുകയും ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ അഭിപ്രായം അറിയണമെന്ന രീതിയിലായിരുന്നു കേന്ദ്രത്തിന്റെ മറുപടി.