
ന്യൂഡല്‍ഹി: പൊതുവിഷയങ്ങളില്‍ ഒന്നിച്ചുനീങ്ങാന്‍ ലക്ഷ്യമിട്ടുള്ള കര്‍ഷകസംഘടനകളുടെ മൂന്നാം ഐക്യയോഗത്തിലും തീരുമാനമായില്ല. ഒരുവിഭാഗം നേതാക്കള്‍ വിട്ടുനിന്നതോടെ വീണ്ടും യോഗം വിളിക്കാന്‍ തീരുമാനിച്ച് ചണ്ഡീഗഢിലെ യോഗം പിരിഞ്ഞു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്ത ചില നേതാക്കളുടെ കടുംപിടിത്തമാണ് സമവായചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്നത്. പൊതുതാല്പര്യത്തിനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് രാജ്യത്തൊട്ടാകെയുള്ള കര്‍ഷക സംഘടനകളുടെ വിശാലവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം.) നേതാക്കള്‍ പറഞ്ഞു.
എസ്.കെ.എമ്മും പഞ്ചാബില്‍ കര്‍ഷകസമരത്തിന് നേതൃത്വം നല്‍കുന്ന എസ്.കെ.എം. രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് ഐക്യചര്‍ച്ച നടത്തുന്നത്. ഇതില്‍ രാഷ്ട്രീയേതര വിഭാഗമാണ് ബുധനാഴ്ചത്തെ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. നിരാഹാരസമരമിരുന്ന് ദേശീയ ശ്രദ്ധ നേടിയ കര്‍ഷകനേതാവ് ജഗജിത് സിങ് ദല്ലേവാള്‍ നേതൃത്വം നല്‍കുന്ന സംഘടനയാണിത്. തങ്ങളോട് ആലോചിക്കാതെയാണ് യോഗത്തിന്റെ തീയതി നിശ്ചയിച്ചതെന്ന് കുറ്റപ്പെടുത്തിയാണ് ദല്ലേവാളും സംഘവും വിട്ടുനിന്നത്. എന്നാല്‍, ദല്ലേവാളിനൊപ്പം സമരത്തിലുള്ള കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ നേതാവ് സര്‍വന്‍ സിങ് പന്ദേര്‍ യോഗത്തിനെത്തി. ഐക്യത്തിനായി ദല്ലേവാളിന്റെ സംഘടനയുമായി സമവായത്തിന് ശ്രമിക്കുമെന്ന് പന്ദേര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകനേതാക്കളുമായി വിളിച്ചിരിക്കുന്ന യോഗം വെള്ളിയാഴ്ച നടക്കാനിരിക്കെ, അതില്‍ എസ്.കെ.എം. പങ്കെടുക്കേണ്ടെന്ന നിലപാട് ദല്ലേവാള്‍ വിഭാഗം സ്വീകരിക്കുന്നതിനെച്ചൊല്ലിയാണ് കര്‍ഷകസംഘടനകളുടെ തര്‍ക്കം മുറുകിയിരിക്കുന്നത്. പഞ്ചാബില്‍ സമരം നയിക്കുന്നവരെന്ന നിലയില്‍ രാഷ്ട്രീയേതര വിഭാഗത്തിനും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയ്ക്കും കേന്ദ്രയോഗത്തില്‍ പ്രധാന്യം കിട്ടണമെന്നാണ് എസ്.കെ.എമ്മിനെ എതിര്‍ക്കുന്നവരുടെ വാദം. സമരത്തിനൊപ്പമില്ലാതിരുന്ന എസ്.കെ.എം. അവസാനനിമിഷമെത്തി ഗുണഭോക്താക്കളാകുന്നുവെന്നാണ് ആക്ഷേപം. ദല്ലേവാളിന്റെ നിരാഹാരത്തിന് ശേഷമാണ് കേന്ദ്രം യോഗം വിളിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഐക്യത്തിനായി ശ്രമിക്കുമ്പോള്‍ ഇത്തരം കടുംപിടിത്തങ്ങള്‍ ഒഴിവാക്കണമെന്നാണ് എസ്.കെ.എം. പറയുന്നത്.
പഞ്ചാബിലെ കര്‍ഷകസമരത്തിന് ഒരുവര്‍ഷം
അതിനിടെ, പഞ്ചാബ്-ഹരിയാണ അതിര്‍ത്തികളില്‍ തുടങ്ങിയ കര്‍ഷകസമരത്തിന് ബുധനാഴ്ച ഒരുവര്‍ഷം തികഞ്ഞു. താങ്ങുവിലയ്ക്ക് നിയമപരിരക്ഷയും വായ്പായിളവുമടക്കമുള്ള ആവശ്യങ്ങളുമായി 2024 ഫെബ്രുവരി 13-നായിരുന്നു പഞ്ചാബ് കര്‍ഷകര്‍ 'ഡല്‍ഹി ചലോ' മാര്‍ച്ച് പ്രഖ്യാപിച്ച് സമരം തുടങ്ങിയത്.
Content Highlights: no decission for unity in the third meeting of farmers
Published: 13 Feb 2025, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented