ന്യൂഡല്‍ഹി: ആഭ്യന്തര വിമാനനിരക്കിന്  ഏര്‍പ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞ് സര്‍ക്കാര്‍. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനി വിമാന കമ്പനികള്‍ക്ക് തീരുമാനിക്കാം.  ഓഗസ്റ്റ് 31 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ആഭ്യന്തര സര്‍വീസുകളിലെ വിമാനനിരക്ക് പരിധി ആഗസ്റ്റ് 31 മുതല്‍ എടുത്തുകളയുമെന്ന് വ്യക്തമാക്കിക്കൊണ്ട്  ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (ഡിജിസിഎ) വിജ്ഞാപനം പുറപ്പെടുവിച്ചു.

To advertise here,

വിമാനനിരക്ക് പരിധി സംബന്ധിച്ച് വിമാനക്കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട കമ്പനികള്‍ക്ക് നിരക്ക് പരിധി വെല്ലുവിളിയാണെന്ന് വിമാനക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിമാന നിരക്കിന് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിക്കണമെന്നും കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

വിമാന ഇന്ധനത്തിന്റെ പ്രതിദിന ആവശ്യകതയും വിലയും സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷമാണ് വിമാന ടിക്കറ്റ് നിരക്ക് പരിധി ഒഴിവാക്കാനുള്ള തീരുമാനമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ പറഞ്ഞു. സമീപഭാവിയില്‍ ആഭ്യന്തര യാത്രകളുടെ വളര്‍ച്ച മേഖലയിലുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡിനെ തുടര്‍ന്ന് പല വിമാന കമ്പനികളും വലിയ നഷ്ടം നേരിട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമാന നിരക്ക് പരിധി എടുത്തുകളഞ്ഞതോടെ യാത്രക്കാരുടെ എണ്ണം അനുസരിച്ച് നിരക്ക് ഇളവുകള്‍ അനുവദിക്കാന്‍ കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയും. യാത്രക്കാരേയും വിമാനക്കമ്പനികളേയും സംബന്ധിച്ച് ഇത് നല്ല നീക്കമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.