ഭുവനേശ്വര്‍: സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുതവധുവിനുനേരെ ഒഡീഷ പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ നവീന്‍ പട്‌നായിക്. സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ വെച്ചുണ്ടായ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അന്വേഷണം നടത്തണമെന്നും പട്‌നായിക് ആവശ്യപ്പെട്ടു.
ഭുവനേശ്വറിലെ ഭരത്പുര്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു പരാതിക്ക് കാരണമായ സംഭവം നടന്നത്. ഹീനസംഭവത്തെ ബി.ജെ.ഡി. അപലപിക്കുന്നതായും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ ശക്തമായ നടപടി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും നവീന്‍ പട്‌നായിക് കൂട്ടിച്ചേര്‍ത്തു.
സൈനികോദ്യോഗസ്ഥനെ ആക്രമിക്കുകയും പ്രതിശ്രുതവധുവിന് നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ഒഡീഷ സര്‍ക്കാര്‍ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തു. പോലീസുകാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാവകാശ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്‍പില്‍ വെള്ളിയാഴ്ച ധര്‍ണ നടത്തുകയും ചെയ്തിരുന്നു.
ഭുവനേശ്വറില്‍ ഒരു ഭക്ഷണശാല നടത്തുകയാണ് ആര്‍മി ഓഫീസറുടെ പ്രതിശ്രുതവധു. ഇവര്‍ അഭിഭാഷക കൂടിയാണ്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവതി താടിയെല്ലിനടക്കം പരിക്കേറ്റ് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് യുവതിക്ക് ജാമ്യം ലഭിച്ചത്. ഇവര്‍ക്കും ആര്‍മി ഓഫീസറിനുമെതിരായ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 26-ന് വാദം കേള്‍ക്കും.
ഞായറാഴ്ച അര്‍ധരാത്രി യുവതിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷണശാല അടച്ചതിന് പിന്നാലെ ഒരുസംഘം ആളുകള്‍ അവരോടും പ്രതിശ്രുതവരനായ ആര്‍മി ഓഫീസറോടും വഴക്കുണ്ടാക്കുകയായിരുന്നു. അവരില്‍നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെട്ട് കേസ് കൊടുക്കാനാണ് ഇരുവരും ഭരത്പുര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍, ആ സമയം സ്റ്റേഷനിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല മോശമായി പെരുമാറിയെന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് ആര്‍മി ഓഫീസറെ ലോക്കപ്പില്‍ അടയ്ക്കുകയും അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞതിന് പിന്നാലെ രണ്ട് വനിതാ പോലീസുകാര്‍ തന്നെ കായികമായി ആക്രമിച്ചുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് പട്രോളിങ്ങിന് പോയിരുന്ന പോലീസ് സംഘം തിരിച്ച് സ്റ്റേഷനിലെത്തി. ഒരു വനിതാ പോലീസും ആ കൂട്ടത്തിലുണ്ടായിരുന്നു. ശേഷം രണ്ട് പോലീസുകാരികള്‍ ചേര്‍ന്ന് മുടിപിടിച്ച് വലിക്കുകയും മര്‍ദിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. അതില്‍ ഒരു പോലീസുകാരി ശ്വാസം മുട്ടിച്ചതോടെ അവരുടെ കയ്യില്‍ യുവതി കടിച്ചു. ഇതോടെ യുവതി ധരിച്ചിരുന്ന ജാക്കറ്റ് ഊരി അവരുടെ കൈകള്‍ കെട്ടുകയും കാലുകള്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് തന്നെ ഒരു മുറിയില്‍ തള്ളിയെന്നും യുവതി ആരോപിച്ചു.
പിന്നീട് അവിടേക്കെത്തിയ ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥന്‍, ഉള്‍വസ്ത്രം മാറ്റിയ ശേഷം തന്റെ നെഞ്ചില്‍ തുടര്‍ച്ചയായി തൊഴിച്ചെന്നും യുവതി പറഞ്ഞു. പിന്നീട് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വരികയും അയാളുടെ പാന്റിന്റെ സിബ് ഊരി സ്വകാര്യഭാഗം കാണിക്കുകയും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നോ എന്ന് ചോദിച്ച് ആക്ഷേപിക്കുകയും ചെയ്തു. ആ പോലീസുകാരനും തന്നോട് ലൈംഗിക അതിക്രമം കാണിച്ചെന്ന് യുവതി പറയുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയും ഒഡിഷ ഡി.ജി.പിയില്‍നിന്ന് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.
Content Highlights: naveen patnaik demands sit in sexual abuse allegation of army officer fiancee against policemen
Published: 20 Sept 2024, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented