താനെ: നാലു പേരുടെ മരണത്തിനിടയാക്കിയ മുംബൈ ലോക്കൽ ട്രെയിൻ ദുരന്തത്തിനു കാരണം എതിരെ പോയ ട്രെയിനിലെ യാത്രക്കാരൻ തോളിൽ ധരിച്ചിരുന്ന ബാഗ് തട്ടിയതാണെന്ന് ദൃക്സാക്ഷി. ട്രെയിനിന്റെ വാതിലിൽ തൂങ്ങിനിൽക്കുകയായിരുന്ന ഇയാളുടെ ബാഗ് എതിർവശത്തുകൂടി പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരുടെ ശരീരത്തിൽ തട്ടിയതോടെ യാത്രക്കാർ ഓരോരുത്തരായി ട്രെയിനിൽനിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു.
തിരക്കേറിയ രണ്ട് ലോക്കൽ ട്രെയിനുകൾ കുത്തനെയുള്ള വളവിൽ കടന്നുപോകുമ്പോൾ ഫുട്ബോർഡിൽ യാത്ര ചെയ്ത യാത്രക്കാർ താഴേക്ക് വീണാണ് അപകടമുണ്ടായത്. ട്രെയിനുകളിലൊന്ന് കസാറയിലേക്കും മറ്റേത് മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്കും പോകുകയായിരുന്നു.
'പതിവുപോലെ ഞങ്ങൾ അതേ ട്രെയിനിൽ കയറി, മരിച്ച സരോജ് ഫുട്ബോർഡിനടുത്ത് നിന്നു. നല്ല ചൂടായിരുന്നു, കല്യാണിന് ശേഷം ട്രെയിൻ ദീവയിൽ വെച്ച് തിരക്കേറിയപ്പോൾ സരോജ് കമ്പാർട്ട്മെന്റിന് പുറത്ത് നിൽക്കുകയായിരുന്നു. ഞങ്ങൾ ദീവ കടന്നുപോകുമ്പോൾ ട്രെയിനിൽ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു,' അപകടത്തിൽ മരിച്ച സരോജിനൊപ്പം ദിവസവും യാത്ര ചെയ്യുന്ന ഷിർസാദ് പറയുന്നു.
'മുമ്പ്രായ്ക്കടുത്തുള്ള വളവിൽ, എതിർദിശയിൽനിന്ന് വന്ന ട്രെയിനിന്റെ ഫുട്ബോർഡിൽ തൂങ്ങിക്കിടന്ന ഒരാൾ ധരിച്ച ബാഗ് ഞങ്ങളുടെ ട്രെയിനിലെ യാത്രക്കാരിൽ തട്ടി. ആളുകൾ ഓരോരുത്തരായി താഴേക്ക് വീഴാൻ തുടങ്ങി. സരോജ് അവരിലൊരാളായിരുന്നു.' കമ്പാർട്ട്മെന്റിലെ യാത്രക്കാർ അടിയന്തര ചങ്ങല (emergency chain) മൂന്ന് തവണ വലിച്ചെങ്കിലും, അപകടസ്ഥലത്തുനിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള താനെ സ്റ്റേഷനിൽ എത്തുന്നതുവരെ ട്രെയിൻ നിന്നില്ലെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
'ട്രെയിനിന്റെ ഫുട്ബോർഡിൽ ഉണ്ടായിരുന്ന സരോജ്, തന്റെ അടുത്ത് വാതിലിനടുത്ത് നിൽക്കാൻ എന്നെ രണ്ടുതവണ വിളിച്ചു, പക്ഷെ ഞാൻ അകത്ത് തന്നെ നിന്നു.' ഷിർസാദ് പറഞ്ഞു. ദുരന്തം നടന്നത് രാവിലെ 9:10-ന് ദീവയ്ക്കും മുമ്പ്രായ്ക്കും ഇടയിലാണ്. ഈ ഭാഗത്ത കുത്തനെയുള്ള വളവുകൾ ഉണ്ട്. ട്രെയിനുകളിൽനിന്ന് 13 പേർ താഴേക്ക് വീണതായും അതിൽ നാല് പേർ മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി സെൻട്രൽ റെയിൽവേ അറിയിച്ചു.
Content Highlights: A bag brushed against passengers, causing deadly incident; Mumbai Train accident
Published: 10 Jun 2025, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented