ഭോപ്പാൽ: സൈന്യത്തെ ഇകഴ്ത്തുന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സേനയും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കീഴിൽ വണങ്ങി നിൽക്കുന്നവരാണെന്ന് ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗ്ദീഷ് ദേവ്ഡ പറഞ്ഞു. പൊതുപരിപാടിയിൽ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ, പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തി.
സിവിൽ ഡിഫൻസിൽ പരിശീലനത്തിനെത്തിയ വളന്റിയർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ജഗദീഷ് ദേവ്ഡയുടെ വിവാദ പരാമർശം. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും പരാമർശിച്ച് സംസാരിക്കുന്നതിനിടെ സൈന്യം പ്രധാനമന്ത്രിയുടെ കാലുകളിൽ നമസ്കരിക്കുകയാണെന്ന് സദസിനോടായി മന്ത്രി പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രശംസനീയമാണ്. അദ്ദേഹത്തോട് നന്ദിപറയാനാഗ്രഹിക്കുന്നു. രാജ്യവും സൈന്യവും സൈനികരും അദ്ദേഹത്തിന്റെ കാൽക്കൽ തലകുമ്പിട്ടുന്നു നിൽക്കുന്നു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിക്കുന്നു, അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. കേണൽ സോഫിയ ഖുറേഷിയെ അപമാനിച്ച് ബിജെപി മന്ത്രി വിജയ് ഷാ നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെയാണ് സൈന്യത്തെ ഒന്നടങ്കം അപമാനിച്ചുകൊണ്ട് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്.
ബിജെപി ഉപമുഖ്യമന്ത്രി നടത്തിയത് വിലകുറഞ്ഞതും നാണംകെട്ടതുമായ പ്രസ്താവനയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അത് തിരുത്തണമെന്നും ഉപമുഖ്യമന്ത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലടക്കം സംഭവം വിവാദമായതോടെ, താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ് ജഗദീഷ് ദേവ്ഡ രംഗത്തെത്തി. രാജ്യം മുഴുവൻ സൈന്യത്തിന് മുമ്പിൽ തലകുമ്പിടുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ഗൂഢാലോചന നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Madhya Pradesh Deputy CM Jagdish Devda`s statement on the army sparks controversy
Published: 16 May 2025, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented