ഭോപാൽ: രാജ്യത്ത് പഞ്ചസാരവില കുതിച്ചുയരുന്നതിനിടയിൽ, വിലക്കയറ്റത്തെ ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി. നേതാവുമായ കൈലാഷ് വിജയവർഗിയ. പഞ്ചസാരയ്ക്ക് ഇനിയും വില കൂടണമെന്നും 40 വയസ്സ് കഴിഞ്ഞവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നുമാണ് മന്ത്രിയുടെ വാദം.

To advertise here,

40 വയസ്സിനു മുകളിലുള്ളവർ പഞ്ചസാര പൂർണമായും ഒഴിവാക്കണം. വേണമെങ്കിൽ വല്ലപ്പോഴും ശർക്കര ഉപയോഗിക്കാം. ആയുർവേദ ഡോക്ടർമാരും ഇതാണ് നിർദേശിക്കുന്നത്. കുട്ടികൾക്കായിമാത്രമേ റേഷൻ കടകൾവഴി പഞ്ചസാര കുറഞ്ഞ വിലയ്ക്ക് നൽകാവൂ. മുതിർന്നവർക്ക് പഞ്ചസാര നൽകേണ്ടതില്ല. പഞ്ചസാരയ്ക്ക് വിപണിയിൽ വൻതോതിൽ വില വർധിക്കണം. -മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി. ബി.ജെ.പി. സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഹസിക്കുകയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി കുറ്റപ്പെടുത്തി. പ്രസ്താവന ജനങ്ങളുടെ മുറിവിൽ ഉപ്പുപുരട്ടുന്നതിന് തുല്യമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ജസ്വിന്ദർ സിങ് പറഞ്ഞു. ഓഗസ്റ്റ് 26-ലെ സർക്കാർ കണക്കുകൾ പ്രകാരം പഞ്ചസാരവില കിലോയ്ക്ക് 65.05 രൂപയാണ്.