ന്യൂഡൽഹി: ത്യാഗത്തിന്റെയും സേവനത്തിന്റെയും ആത്മാവും അത് പഠിപ്പിക്കുന്ന അച്ചടക്കവുമാണ് ആർഎസ്എസിന്റെ യഥാർഥ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെവിടെ പ്രകൃതിദുരന്തമുണ്ടായാലും ആദ്യമെത്തുന്നത് ആർഎസ്എസ് വൊളന്റിയർമാരാണെന്നും പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിൽ മോദി പറഞ്ഞു. വിജയദശമി ദിവസം ആർഎസ്എസ് സ്ഥാപിതമായതിന്റെ നൂറാംവാർഷികമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

To advertise here,

ലോകത്തെ ഏറ്റവും പഴക്കംചെന്ന നമ്മുടെ നാഗരികത സ്വത്വപ്രതിസന്ധി നേരിടുന്ന സമയത്താണ് ആർഎസ്എസ് സ്ഥാപിതമായത്. നൂറ്റാണ്ടുകളായി രാജ്യം അടിമത്തത്തിന്റെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരുന്നതിനാൽ അത് നമ്മുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചു. സ്വാതന്ത്ര്യത്തോടൊപ്പം രാജ്യം പ്രത്യയശാസ്ത്രപരമായ അടിമത്തത്തിൽനിന്ന് മുക്തമാകേണ്ടതും പ്രധാനമായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഡോ. ഹെഡ്‌ഗേവാർ ആർഎസ്എസ് സ്ഥാപിച്ചതെന്നും മോദി പറഞ്ഞു.

സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. ഗാന്ധിജയന്തിദിനത്തിൽ ഖാദി ഉത്പന്നങ്ങൾ വാങ്ങണം. ധീരരക്തസാക്ഷി ഭഗത് സിങ്ങിന്റെയും ലതാ മങ്കേഷ്‌കറുടെയും ജന്മദിനംകൂടിയാണ് ഞായറാഴ്ചയെന്നും മോദി ഓർമ്മിപ്പിച്ചു. അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അകാലവിയോഗത്തിൽ രാജ്യം അതിയായ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു.