ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത പരാമര്‍ശങ്ങളിലൂടെ ആഞ്ഞടിക്കുന്നതിനിടെ തനിക്ക് കൊണ്ടുവന്ന കുടിവെള്ളം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എം.പിമാര്‍ക്കുനേരെ നീട്ടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മോദി സംസാരിക്കാന്‍ എത്തിയതുമുതല്‍ പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറിനുനേരെ മോദി വെള്ളം നീട്ടിയത്. മാണിക്കം ടാഗോര്‍ നിരസിച്ചെങ്കിലും തൊട്ടടുത്തുനിന്ന ഹൈബി ഈഡന്‍ വെള്ളം വാങ്ങിക്കുക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

To advertise here,

പ്രസംഗത്തിനിടെ മോദിക്ക് ഒരു ഗ്ലാസ് കുടിവെള്ളം സഹായി കൊണ്ടുവെച്ചു. തമിഴ്‌നാട്ടില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. മാണിക്കം ടാഗോറിനെ പിന്നില്‍നിന്ന് തട്ടിവിളിച്ചാണ് മോദി വെള്ളം വാഗ്ദാനംചെയ്തത്. എന്നാല്‍, അദ്ദേഹം ഇത് നിരസിച്ചു. തുടര്‍ന്നാണ് തൊട്ടടുത്തുനിന്ന ഹൈബി ഈ വെള്ളം വാങ്ങിക്കുടിച്ചത്.

ഇതേസമയം, തനിക്ക് നേരത്തെ കൊണ്ടുവെച്ചിരുന്ന വെള്ളമെടുത്ത് മോദി കുടിച്ചു. ഇതിനിടയിലും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും കൈയ്യടിച്ചും പ്രതിഷേധം തുടരുന്നുണ്ടായിരുന്നു. മോദിയില്‍നിന്ന് വെള്ളം വാങ്ങിക്കുടിച്ച ഹൈബി ഗ്ലാസ് മോദിയുടെ മേശപ്പുറത്ത് തിരിച്ചുവെക്കുന്നതും വീഡിയോയില്‍ കാണാം. 

മണിപ്പുര്‍ കലാപത്തെക്കുറിച്ച് മോദി പ്രതികരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സഭയുടെ നടുത്തളത്തിലിറങ്ങാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപിച്ച് രാഹുല്‍ഗാന്ധിയെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ശാസിച്ചു. പ്രതിപക്ഷ നടപടിക്കെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രമേയം അവതരിപ്പിച്ചു. അമിത് ഷാ പിന്തുണച്ച പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി.