ഉടുപ്പി: കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി നേരുടുന്ന മകള്‍ മരിച്ചു. ഉടുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകള്‍ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്.

To advertise here,

ഇവരുടെ വീട്ടില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികള്‍ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണ്‍ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്.

അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ജയന്തി ഷെട്ടി പ്രമേഹ ബാധിതയായിരുന്നു. പ്രമേഹം ബാധിച്ച മകൾ പ്രഗതി ഷെട്ടിയുടെ ഒരു കാല്‍ മാസങ്ങള്‍ക്കു മുമ്പ് മുറിച്ച് മാറ്റിയിരുന്നു. കുറച്ച് വർഷങ്ങളായി മാനസികവെല്ലുവിളി മറികടക്കാനായി പ്രഗതി ചികിത്സയിലുമായിരുന്നു. ശരിയായ പരിചരണം കിട്ടാതെ പ്രഗതിയുടെ മാനസികനില ഗുരുതരമാകുകയായിരുന്നു.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.