ഇംഫാല്‍: മണിപ്പുരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. തിങ്കളാഴ്ച പുഖാവോയിലും ദൊലൈത്താബി ഡാമിന് സമീപത്തുമാണ് ഏറ്റുമുട്ടലുണ്ടായത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

To advertise here,

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഇക്കൗ, ദൊലൈത്താബി, യെങ്ഖുമന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആളുകള്‍ അവരുടെ വീടുകളിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാസേന അവരെ തടയുകയായിരുന്നു. സംഘര്‍ഷ സാധ്യതയുള്ള 'റെഡ് സോണ്‍' മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് സുരക്ഷാസേന ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ രാവിലെ മുതല്‍ സംഘങ്ങളായി നീങ്ങാന്‍ തുടങ്ങി. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

മണിപ്പുരിലെ പ്രശസ്തമായ സംഗായി ഫെസ്റ്റിവല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് സാധാരണനില പുനഃസ്ഥാപിക്കപ്പെട്ടുവെന്നും തങ്ങളെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അവകാശപ്പെടുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ ഇവരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു. ഏകദേശം രണ്ടുവര്‍ഷം മുന്‍പ് കുടിയിറക്കപ്പെട്ടതിന് ശേഷം പലര്‍ക്കും ഇത് അവരുടെ വീടുകളിലേക്കുള്ള ആദ്യ തിരിച്ചുപോക്കായിരുന്നു.

കുക്കി ആധിപത്യമുള്ള കാങ്‌പോക്പി ജില്ലയുടെ അതിര്‍ത്തിയില്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലയുടെ താഴ്‌വരയിലാണ് ഇക്കൗ, ദൊലൈത്താബി, യെങ്ഖുമന്‍ എന്നിവ സ്ഥിതിചെയ്യുന്നത്. 2023-ല്‍ ഈ പ്രദേശങ്ങളില്‍ വംശീയ കലാപം നടന്നിരുന്നു. 2023 മേയ് മുതല്‍ മെയ്‌തേയ്, കുക്കി-സോ വിഭാഗങ്ങള്‍ക്കിടയിലുണ്ടായ വംശീയ സംഘര്‍ഷത്തില്‍ 260-ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.