ഇംഫാൽ: സംസ്ഥാനത്തെ ഏകദേശം 3.5 ലക്ഷം സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി ബജറ്റിൽ 350 കോടി രൂപ വകയിരുത്താനൊരുങ്ങി മണിപ്പുർ സർക്കാർ. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാർ നൽകുന്ന നിക്ഷേപം സംസ്ഥാനബജറ്റിൽ ഉൾപ്പെടുത്തുമെന്ന് ഇംഫാലിൽ സാമൂഹ്യക്ഷേമ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടിയിൽ എൻ. ബിരേൻ സിങ് പറഞ്ഞു.

To advertise here,

സംസ്ഥാനത്തെ വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന കഷ്ടപ്പാടുകൾക്ക് മുൻഗണന നൽകി, മണിപ്പുരിലെ ഏകദേശം 3.5 ലക്ഷം സ്ത്രീകളെ പിന്തുണയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതു മുതൽ മണിപ്പുരിലെ സ്ത്രീകൾക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പല കുടുംബങ്ങൾക്കും കഠിനമായ സാമ്പത്തിക സമ്മർദങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികഘടന രൂപവത്കരിക്കുന്നതിൽ സ്ത്രീകൾക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ടെന്ന് പരിപാടിയിൽ സംസാരിച്ച ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ പറ‍ഞ്ഞു. പുരോഗമനപരമായ നയങ്ങൾ, ലക്ഷ്യമിട്ടുള്ള പരിപാടികൾ, നിയമപരമായ നടപടികൾ എന്നിവയിലൂടെ ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനും സ്ത്രീ ശാക്തീകരണം വർദ്ധിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗോയൽ പറഞ്ഞു.

സ്ത്രീ വികസനത്തിൽ നിന്ന് സ്ത്രീ-നേതൃത്വത്തിലുള്ള വികസനത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചും സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ലഭ്യമാക്കാൻ സർക്കാർ സ്ഥാപനങ്ങൾ, സിവിൽ സമൂഹം, കമ്മ്യൂണിറ്റികൾ എന്നിവയിൽ നിന്നുള്ള കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറ‍ഞ്ഞു. മിഷൻ ശക്തിയുടെ ഭാഗമായി ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കുള്ള സഹായ സേവനങ്ങൾ, വനിതാ ഹെൽപ്പ് ലൈൻ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ കാമ്പെയിൻ്റെ ഭാഗമായി ലിംഗ അനുപാതം മെച്ചപ്പെടുത്താനുള്ള നടപടികൾ എന്നിവ ഉൾപ്പെടെ വനിതാ ശിശു വികസന മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കിയ നിരവധി സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.