ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയ്‌ക്കെതിരായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയുടെ പരാമര്‍ശത്തില്‍ വിവാദം. മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ച ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് സന്ദര്‍ശിക്കുന്ന രേഖ ശര്‍മയുടെ വീഡിയോയ്ക്ക് താഴെ സാമൂഹിക മാധ്യമത്തിലിട്ട കമന്റാണ് മഹുവയ്ക്ക് വിനയായത്. മഹുവയ്‌ക്കെതിരെ കേസെടുത്ത് നടപടികളെക്കുറിച്ച് മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മിഷന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.

To advertise here,

ഹാഥ്‌റസിലെത്തിയ രേഖ ശര്‍മയ്ക്ക് മറ്റൊരാള്‍ കുടപിടിച്ചുകൊടുക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്തുകൊണ്ട് രേഖാ ശര്‍മയ്ക്ക് കുട സ്വയം ചൂടിക്കൂടായെന്ന് ചോദിച്ചുകൊണ്ട് ഒരു എക്‌സ് അക്കൗണ്ടില്‍ വന്ന പോസ്റ്റിലാണ് മഹുവ കമന്റ് ചെയ്തത്. 'തന്റെ ബോസിന്റെ പൈജാമ താങ്ങുന്ന' തിരക്കിലാണ് രേഖ ശര്‍മ എന്നായിരുന്നു മഹുവയുടെ കമന്റ്.

വനിതാ കമ്മിഷന്റെ നിര്‍ദേശത്തില്‍ കേസെടുക്കാന്‍ മഹുവ ഡല്‍ഹി പോലീസിനെ വെല്ലുവിളിച്ചു. മൂന്നുദിവസത്തിനുള്ളില്‍ അറസ്റ്റുചെയ്യണമെങ്കില്‍ താന്‍ നദിയയിലുണ്ടെന്ന് മഹുവ ട്വീറ്റ് ചെയ്തു. മുമ്പ് രേഖ ശര്‍മ നടത്തിയ സമാനസ്വഭാവമുള്ള പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും മഹുവ പങ്കുവെച്ചു.

അതിനിടെ, മഹുവയ്ക്ക് മറ്റൊരാള്‍ കുടപിടിച്ചുകൊടുക്കുന്ന ചിത്രം പങ്കുവെച്ച് ബി.ജെ.പി. നേതാവ് ഷാസിയ ഇല്‍മി രംഗത്തെത്തി. ഈ സമയത്ത് നിങ്ങള്‍ ആരുടെ പൈജാമ പിടിക്കുകയായിരുന്നുവെന്നാണ് ഷാസിയയുടെ മഹുവയോടുള്ള ചോദ്യം. ഷെഹ്‌സാദ് പൂനാവാലയും മഹുവയ്‌ക്കെതിര പ്രതികരണവുമായി രംഗത്തെത്തി.