
ന്യൂഡല്ഹി: ഏക സിവില് കോഡ് ഹിന്ദു-മുസ്ലിം പ്രശ്നം മാത്രമല്ലെന്നും ഒരുപാട് സങ്കീര്ണതകള് ഉള്ള പ്രശ്നമാണെന്നും എ.ഐ.സി.സി. ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല്. അവര് (കേന്ദ്രസര്ക്കാര്) എന്താണ് കൊണ്ടുവരാന് ഉദ്ദേശിക്കുന്നത് എന്ന് ആര്ക്കും അറിയില്ല. എല്ലാവരെയും ഒഴിവാക്കിയാല് പിന്നെ അത് യൂണിഫോം സിവില് കോഡ് ആകുമോ അത്, അദ്ദേഹം ആരാഞ്ഞു. ഡല്ഹിയില് മാതൃഭൂമി ന്യൂസിനോടു പ്രതികരിക്കുകയായിരുന്നു വേണുഗോപാല്.
യൂണിഫോം സിവില് കോഡ് എന്ന് പറഞ്ഞാല് എന്താണ്, എല്ലാവര്ക്കും ബാധകമായതല്ലേ. അമിത് ഷാ തന്നെ പറഞ്ഞിരിക്കുന്നത് ചിലരെ ഒഴിവാക്കുമെന്നാണ്. അപ്പോള് എങ്ങനെയാണ് യൂണിഫോം സിവില് കോഡ് ആകുന്നത്. യൂണിഫോം സിവില് കോഡ് വിഷയത്തില് ഞങ്ങള്ക്ക് കൃത്യമായ നിലപാടുണ്ട്. ഒരു കാര്യം കൂടി ഞങ്ങള് ചോദിച്ചിരുന്നു.
നിയമകമ്മിഷന്റെ 2018-ലെ റിപ്പോര്ട്ട് ഇത് ഇപ്പോള് പ്രായോഗികമല്ലെന്നാണ്, വേണ്ടെന്നാണ്. ഈ സര്ക്കാര് നിശ്ചയിച്ച നിയമ കമ്മിഷന്റെ റിപ്പോര്ട്ട് ആണത്. അത് മാറ്റിയിട്ട് മറ്റൊരു കമ്മിഷനെ വെക്കാന് എന്താണ് കാരണം. അപ്പോള് അതില് രാഷ്ട്രീയഉദ്ദേശ്യവും ഗൂഢഅജണ്ടകളുമുണ്ട്. ആ അജണ്ടയില് പോയി ചാടരുതെന്നാണ് കോണ്ഗ്രസിന് എല്ലാവരോടും പറയാനുള്ളത്, വേണുഗോപാല് കൂട്ടിച്ചേര്ത്തു.
ഏക സിവില് കോഡ് വിഷയത്തില് കേരളത്തില് സി.പി.എം. കോണ്ഗ്രസിന് നേര്ക്ക് ഉയര്ത്തിയ വിമര്ശനങ്ങള്ക്കും വേണുഗോപാല് മറുപടി പറഞ്ഞു. 1984-ല് സി.പി.എം. എന്ത് നിലപാടാണ് സ്വീകരിച്ചത് ? ഇക്കാര്യത്തില് അവര് എഴുതിയ ലേഖനങ്ങള് എന്തൊക്കെയായിരുന്നു. എല്ലാവര്ക്കും അറിയുന്നതല്ലേ. ഇപ്പോള് എന്തുകൊണ്ടാണ് അവര് മാറി നിലപാട് എടുക്കുന്നതെന്നും എല്ലാവര്ക്കും അറിയില്ലേ. ഈ വിഷയത്തില് സി.പി.എമ്മിന്റെ വിമര്ശനങ്ങളെ കാര്യമായി എടുക്കാന് ഉദ്ദേശിക്കുന്നില്ല. അവര് പറയുന്നത് എല്ലാവര്ക്കും മനസ്സിലാകും. കോണ്ഗ്രസിന്റെ നിലപാട് അന്നും ഇന്നും ഒന്നുതന്നെ. വെറുതെ കോണ്ഗ്രസിനെ ഒറ്റപ്പെടുത്തി പ്രതിക്കൂട്ടിലാക്കാന് ശ്രമിക്കുന്നത് ആരെ സുഖിപ്പിക്കാനാണ്. അത് അവര് ആത്മപരിശോധന നടത്തട്ടേയെന്നും വേണുഗോപാല് കൂട്ടിച്ചേര്ത്തു.
Content Highlights: kc venugopal ucc congress stand
Published: 16 Jul 2023, 04:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented