ബെലഗാവി (കർണാടക): മുസ്‌ലിം പള്ളിക്കുനേരേ അമ്പെയ്യുന്ന ആംഗ്യം കാട്ടി പ്രകോപനം സൃഷ്ടിച്ചതിന് മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് ഹർഷിത താക്കൂറിനും ആറ് ഹിന്ദു സംഘടനാ നേതാക്കൾക്കുമെതിരേ കേസ്. കർണാടകത്തിലെ മാച്ചെയിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ബെലഗാവി ജില്ലാ പോലീസ് ആണ് കേസെടുത്തത്.

To advertise here,

ജനുവരി 18-നായിരുന്നു കേസിനാസ്പദമായ സംഭവം. മച്ചെയിൽ നടന്ന അഖണ്ഡ ഹിന്ദു സമാവേശ് പരിപാടിയിലേക്ക് ഒരു പ്രാദേശിക ഹിന്ദു സംഘടന ഹർഷിത താക്കൂറിനെ ക്ഷണിച്ചിരുന്നു. പരിപാടിക്ക് മുമ്പ്, സംഘാടകർ ഗ്രാമത്തിലൂടെ ഒരു ഘോഷയാത്ര നടത്തി. ഹർഷിത താക്കൂർ തുറന്ന വാഹനത്തിൽ അതിൽ പങ്കെടുത്തിരുന്നു.

ഘോഷയാത്ര സയ്യിദ് അൻസാരി ദർഗയ്ക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ ഹർഷിത ദർഗയ്ക്കു നേർക്ക് അമ്പെയ്യുന്ന ആംഗ്യം കാണിക്കുകയായിരുന്നു. പലതവണ അവർ ഇത് ആവർത്തിച്ചു. അവരുടെ അനുയായികളും ജനക്കൂട്ടവും ഇതുകണ്ട് ആർപ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്യുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.

പ്രകോപനപരമായ ആംഗ്യം കാണിച്ചെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെടുകയും പ്രസ്താവന നടത്തുകയും ചെയ്തുവെന്നും ആരോപിച്ചാണ് ഹർഷിതയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. അബ്ദുൾ ഖാദർ മുജാവർ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹർഷിതയ്ക്കും പരിപാടിയുടെ സംഘാടകർ ഉൾപ്പെടെ മറ്റ് ആറ് പേർക്കുമെതിരേ കേസെടുത്തിരിക്കുന്നത്.