ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭകരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ കങ്കണ റണാവത്ത് എംപിയും സിജെപി വക്താവ് സൗരവ് ദാസും തമ്മിൽ വാക്പോര്. കങ്കണയുടെ പരാമർശങ്ങൾക്ക് മറുപടി നൽകിയ സൗരവിനെതിരേ രൂക്ഷവിമർശനമാണ് കങ്കണ ഉന്നയിച്ചത്. ഒന്നിനുംകൊള്ളാത്തവനും തൊഴിലില്ലാത്തവനുമാണ് സൗരവ് എന്ന് കങ്കണ വിമർശിച്ചു.
ചലച്ചിത്ര പ്രവർത്തക, കലാകാരി, നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംരംഭക എന്നിങ്ങനെ തന്റെ നിരവധി നേട്ടങ്ങൾ അക്കമിട്ടു നിരത്തിയ കങ്കണ, സൗരവ് ദാസിന്റെ ഈ 28 വയസ്സ് പ്രായത്തിനിടെ രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നെന്നും അവർ പറഞ്ഞു.
'ഞാൻ കഴിഞ്ഞ രണ്ട് വർഷമായി രാഷ്ട്രീയത്തിലുണ്ട്. കഴിഞ്ഞ 20 വർഷമായി പൊതുരംഗത്തുമുണ്ട്. അദ്ദേഹത്തിന്റെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉണ്ടായിരുന്നു. പുതിയ പാർലമെന്റ് അംഗമെന്ന നിലയിലുള്ള ജോലിക്കൂടുതൽ കാരണം എനിക്ക് തിരക്കുകളുണ്ട്. ഞാൻ ഒരു ചലച്ചിത്രകാരിയും കലാകാരിയും നിർമ്മാതാവും തിരക്കഥാകൃത്തും സംരംഭകയും കൂടിയാണ്. എല്ലാ പ്രായത്തിലും എപ്പോഴും വലിയ തിരക്കുള്ള ഒരാളായിരിക്കുക എന്നതിന്റെ അർത്ഥം അദ്ദേഹത്തെപ്പോലെ ഒന്നിനുംകൊള്ളാത്തവനും തൊഴിൽരഹിതനുമായ ഒരാൾക്ക് മനസ്സിലാകില്ല', കങ്കണ പറഞ്ഞു.
സൗരവ് ദാസിനോട് എന്തെങ്കിലും ജോലിചെയ്യാൻ പരിശീലിക്കാൻ കങ്കണ ഉപദേശിക്കുകയും ചെയ്തു. 'പ്രിയ സൗരവ്, നിങ്ങൾക്ക് വ്യക്തിപരമായ പ്രശ്നങ്ങളാണുള്ളത്. നിങ്ങൾ ഒരു വിദ്യാർത്ഥിയല്ല. വെറും ഉപയോഗശൂന്യനാണ്. ആദ്യം എന്തെങ്കിലുമൊരു തൊഴിൽ പഠിക്കൂ. അതൊരു നല്ല തുടക്കമായിരിക്കും,' അവർ പറഞ്ഞു.
പ്രതിഷേധക്കാർക്കെതിരേ കങ്കണ നടത്തിയ പരാമർശങ്ങൾക്ക് സൗരവ് ദാസ് നൽകിയ മറുപടിയാണ് കങ്കണയെ ചൊടിപ്പിച്ചത്. കങ്കണ റണാവത്തിനെ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ പോലും പരിഗണിക്കുകയോ ഗൗരവമായി എടുക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു സൗരവ് ദാസിന്റെ വിമർശനം. പിന്നെ നമ്മൾ എന്തിന് അവരെ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം ചോദിച്ചിരുന്നു. പുതിയ തലമുറയിലെ ആരും അവർ പറയുന്നത് ഗൗരവമായി എടുക്കുന്നില്ല. അവർ ഇപ്പോൾ ഒരു രാഷ്ട്രീയക്കാരിയാണ്. എംപി എന്ന ജോലിക്ക് ചെറിയ അധ്വാനം മോതിയെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ, ഇത് വലിയ അധ്വാനമുള്ള ജോലിയാണെന്നും തന്റെ മണ്ഡലം സന്ദർശിച്ച വേളയിൽ അവർ പറയുന്ന വീഡിയോകളുണ്ട്. അത് അവരുടെ ഗൗരവമില്ലായ്മയാണ് തെളിയിക്കുന്നത്', സൗരവ് ദാസ് പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ കങ്കണ വിമർശിച്ചിരുന്നു. 'ഇവർ എന്താണ് കാണിക്കുന്നത്? ഇവരെയൊക്കെ ആരാണ് പെറ്റു വളർത്തുന്നത്. ജെൻ സീ റീലുകൾ ഓക്കാനം ജനിപ്പിക്കുന്നതാണ്. നിങ്ങൾ നിങ്ങളെത്തന്നെ പാറ്റകൾ എന്ന് വിളിക്കുകയും പാറ്റകളേപ്പോലെ പെരുമാറുകയും ചെയ്യുന്നു', കങ്കണ പറഞ്ഞു. പ്രതിഷേധക്കാർ പങ്കുവെക്കുന്ന റീലുകൾ തന്നെ ഭയപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞിരുന്നു.
Content Highlights: Kangana Ranaut criticizes student protesters at Jantar Mantar., Heated verbal spat between Kangana Ranaut and Sourav Das., Ranaut defends her political and professional record., Sourav Das questions Ranaut's credibility and seriousness as an MP., Controversy stems from Ranaut's remarks on NEET exam irregularities.
Published: 29 Jul 2026, 04:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented