ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി.ആര്‍. ഗവായ് ചുമതലയേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചതോടെയാണ് ബി.ആര്‍.ഗവായ് ചുമതലയേറ്റെടുത്തത്. ആറു മാസം മാത്രമേ ബി.ആര്‍.ഗവായ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാനാകുകയുള്ളൂ.

To advertise here,

ഈ വര്‍ഷം നവംബര്‍ 23ന് അദ്ദേഹം വിരമിക്കും. 2019 മെയിലാണ് ഗവായ് സുപ്രീംകോടതിയിലെത്തുന്നത്. കേരള മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായിരുന്ന ആര്‍.എസ്.ഗവായിയുടെ മകനാണ് ബി.ആര്‍.ഗവായ്.

സുപ്രീംകോടതിയുടെ മൂല്യങ്ങളും മൗലികാവകാശങ്ങളും ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ജസ്റ്റിസ് ഗവായിക്ക് സാധിക്കുമെന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് ഖന്ന പറഞ്ഞിരുന്നു. വിരമിച്ചശേഷം താന്‍ ഔദ്യോഗികപദവികള്‍ സ്വീകരിക്കില്ലെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കുകയുണ്ടായി.