ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ജനുവരി അഞ്ചിനുണ്ടായ ആക്രമണത്തിനുപിന്നിലെ സൂത്രധാരന്‍ വൈസ് ചാന്‍സിലര്‍ ജഗദീഷ് എം കുമാറാണെന്ന് കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി. വിസിയെ ഉടന്‍ മാറ്റണമെന്നും സമിതി ആവശ്യപ്പെട്ടു.
അക്രമത്തില്‍ വിസിയുടെ മൗനാനുവാദവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അക്രമ സംഭവത്തിനു ശേഷം വിസിയുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍. വിസിയുടെ വലതുപക്ഷ ചായ്വിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അക്രമികളുമായി ഗൂഢാലോചന നടത്തിയതിനും അക്രമം അഴിച്ചുവിട്ടതിനും വിസിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും അക്രമത്തോട് നിസ്സംഗത പുലര്‍ത്തിയ ഡല്‍ഹി പോലീസ് ഉത്തരംപറയണമെന്നും സമിതി ആവശ്യപ്പെട്ടു. ഡല്‍ഹി പോലീസ് അക്രമികളെ കാമ്പസിനകത്ത് സൈ്വരവിഹാരം നടത്താന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.
കാമ്പസിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട്, ആയുധധാരികളായ മുഖംമൂടിസംഘത്തെ കാമ്പസിനകത്തേക്ക് കയറ്റിവിട്ടെന്നും അക്രമം നടത്താന്‍ അനുവദിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് എല്ലാം നടന്നത്.
സര്‍വകലാശാലയുടെ ഔദ്യോഗിക വിശദീകരണവും പോലീസ് റിപ്പോര്‍ട്ടും തമ്മിലുള്ള വൈരുദ്ധ്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വൈകീട്ട് 4.30ന് പോലീസിനെ വിളിച്ചതായാണ് ജെഎന്‍യു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ രാത്രി 7.45നാണ് തങ്ങളെ കാമ്പസിനകത്തേക്ക് കടത്തിയതെന്നാണ് പോലീസ് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ തമ്പടിച്ചിരുന്നിടത്തുനിന്നും ദൂരെ മാറിയാണ് അക്രമം ഉണ്ടായതെന്നും ഡല്‍ഹി പോലീസിന്റെ ആദ്യ പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ യൂണിയന്‍ അംഗമായ സാകേത് മൂണ്‍ എന്ന വിദ്യാര്‍ഥി ഒരു മാധ്യമത്തോട് പറഞ്ഞത് ഉച്ച മുതല്‍ പോലീസ് കാമ്പസിനകത്ത് ഉണ്ടായിരുന്നുവെന്നും അവര്‍ ഒന്നും ചെയ്തില്ലെന്നുമാണ്.
അക്രമത്തില്‍ വിമര്‍ശിക്കപ്പെട്ട ഡല്‍ഹി പോലീസ് നിരവധി എഫ് ഐ ആറുകള്‍ ഫയല്‍ ചെയ്തു. എന്നാല്‍ അതില്‍ ഒന്നുമാത്രമാണ് ജനുവരി അഞ്ചിന് വൈകീട്ടുണ്ടായ അക്രമവുമായി ബന്ധപ്പെട്ടുള്ളത്. ആ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല.
സെര്‍വര്‍ റൂം ആക്രമിച്ചു എന്ന വാദത്തിലും കോണ്‍ഗ്രസ് റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്. സെര്‍വര്‍ റൂം തകര്‍ക്കപ്പെട്ടത് വിസി പ്രയോജനപ്പെടുത്തുകയും ചെയ്തു. കാമ്പസിനകത്ത് കയറി അതിക്രമം നടത്തിയവരെ സിസിടിവിയില്‍ പതിയാതെ സംരക്ഷിക്കാന്‍ ഇതുമൂലം സാധിച്ചെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
Content Highlights: JNU VC was the mastermind behind the JNU attack
Published: 12 Jan 2020, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented