ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികളെ അക്രമിച്ച മുഖംമൂടി സംഘത്തിലെ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. അക്രമം നടത്തിയ പെണ്‍കുട്ടി ഡല്‍ഹി സര്‍വകലാശാലയിലെ(ഡിയു) വിദ്യാര്‍ഥിനിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവരുള്‍പ്പെടെ 49 പേര്‍ക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചതായും പോലീസ് അറിയിച്ചു.
കൈയില്‍ വടിയും പിടിച്ച് നീല തുണി കൊണ്ട് മുഖം മറച്ചെത്തിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡല്‍ഹിയിലെ എബിവിപി പ്രവര്‍ത്തകയാണ് ഇവരെന്ന് ഇടതുവിദ്യാര്‍ഥി സംഘടനകളും ആരോപണമുന്നയിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞെങ്കിലും ഇവരുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
ജെഎന്‍യു അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട 37 പേര്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച മുതല്‍ ഇവരെയെല്ലാം ചോദ്യം ചെയ്യും. അതേസമയം, പെണ്‍കുട്ടികള്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് അനുയോജ്യമായ സ്ഥലവും സമയവും അറിയിച്ചാല്‍ വനിതാ ഉദ്യോഗസ്ഥര്‍ അവിടെയെത്തി ചോദ്യം ചെയ്യും.
Content Highlights: jnu attack; delhi police identified masked woman
Published: 13 Jan 2020, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented