മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ ജിതേന്ദ്ര അവ്ഹാദിനെ പ്രതിപക്ഷ നേതാവായി നിയോ​ഗിച്ച് എൻ.സി.പി. അജിത് പവാര്‍ പ്രതിപക്ഷനേതൃസ്ഥാനം ഉപേക്ഷിച്ച് എന്‍ഡിഎക്കൊപ്പം ചേർന്നതിന് പിന്നാലെയാണ് നടപടി. താനെ ജില്ലയിലെ മുംബ്ര-കൽവ എം.എൽ.എയാണ് ജിതേന്ദ്ര അവ്ഹാദ്.

To advertise here,

എൻസിപി നേതാക്കൾക്കെതിരെ ഇഡി, സിബിഐ അന്വേഷണങ്ങൾ നടക്കുന്നതിനാലാണ് അവർ പക്ഷം മാറിയതെന്ന് ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു. ഇതല്ലാതെ മറ്റ് കാരണമൊന്നും തീരുമാനത്തിലുണ്ടെന്ന് കരുതുന്നില്ല. കഴിഞ്ഞ 25 വർഷക്കാലം എൻ.സി.പിയാണ് തങ്ങളെ മന്ത്രിമാരാക്കിയതെന്ന് നേതാക്കൾ മറക്കരുത്. അവർ ശരദ് പവാറിനെ ഒറ്റപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. എൻസിപി തിരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരത്തിൽ തിരികെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിനൊടുവിൽ എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 29 എംഎല്‍എമാരുമായാണ് അജിത് പവാര്‍ എന്‍സിപി വിട്ട് ഭരണപക്ഷത്തേക്ക് മാറിയത്. അജിത് പവാറിന് പുറമേ ഇതില്‍ എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

അജിത് പവാര്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെയും അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ എന്‍സിപി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നായിരുന്നു അന്നെല്ലാം അജിത് പവാറിന്റെ പ്രതികരണം. അടുത്തിടെ പാര്‍ട്ടിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കുന്നുവെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി നേതാക്കള്‍ രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടതോടെ നീക്കം പവാര്‍ ഉപേക്ഷിച്ചു. ഇതിനുപിന്നാലെ മകള്‍ക്ക് ഉള്‍പ്പെടെ പാര്‍ട്ടിയില്‍ സ്ഥാനമനങ്ങള്‍ നല്‍കി. എന്നാല്‍ അജിത് പവാറിന് സ്ഥാനം നല്‍കിയിരുന്നില്ല. 

മഹാരാഷ്ട്ര നിയമസഭയില്‍ 53 എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. ഇതില്‍ അജിത് പവാര്‍ ഉള്‍പ്പെടെ 30 പേരാണ് ഇപ്പോൾ ഭരണപക്ഷത്തേക്ക് കളംമാറിയിരിക്കുന്നത്. ഇതോടെ എന്‍സിപി പക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 23 ആയി കുറഞ്ഞു.