ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനം ഫോറന്‍സിക് നടപടിക്രമത്തിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഡിജിപി നളിന്‍ പ്രഭാത്. സ്‌ഫോടനത്തില്‍ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി സ്‌ഫോടനത്തിലെ പ്രതികളിലൊരാളായ ഡോക്ടര്‍ മുസമ്മിലിന്റെ ഫരീദാബാദിലെ വാടക വീട്ടില്‍നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഊഹാപോഹങ്ങള്‍ അനാവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ജമ്മു കശ്മീര്‍ പോലീസും അറിയിച്ചു. നൗഗാം സ്റ്റേഷനിലെ സ്ഫോടനത്തിന് പിന്നിൽ ഭീകരവാദികളാണെന്ന അഭ്യൂഹങ്ങളാണ് ഡിജിപി തള്ളിക്കളഞ്ഞത്. 

To advertise here,

'ഈ സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എസ്‌ഐഎയിലെ ഒരാള്‍, എഫ്എസ്എല്‍ ടീമിലെ മൂന്ന് പേര്‍, രണ്ട് ക്രൈം സീന്‍ ഫോട്ടോഗ്രാഫര്‍മാര്‍, മജിസ്ട്രേറ്റിന്റെ ടീമിന്റെ ഭാഗമായിരുന്ന രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, ടീമുമായി ബന്ധപ്പെട്ട ഒരു തയ്യല്‍ക്കാരന്‍ എന്നിവരാണ് മരിച്ചത്. കൂടാതെ, 27 പോലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും സമീപ പ്രദേശങ്ങളിലെ 3 സാധാരണക്കാര്‍ക്കും പരിക്കേറ്റു, അവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി' ജമ്മു കശ്മീര്‍ ഡിജിപി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 11:20 ഓടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ പോലീസ് സ്‌റ്റേഷനും സമീപത്തെ കെട്ടിടങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

നവംബര്‍ 9, 10 തീയതികളില്‍ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളുടെ നടപടിക്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 'ഫരീദാബാദില്‍നിന്ന് വലിയ അളവില്‍ സ്‌ഫോടക വസ്തുക്കളും രാസവസ്തുക്കളും കണ്ടെടുത്തിരുന്നു. ഇവയും മുമ്പ് പിടിച്ചെടുത്തതുമടക്കം നൗഗാം പോലീസ് സ്റ്റേഷനിലെ തുറന്ന സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഫോറന്‍സിക് സാമ്പിള്‍ ശേഖരണ പ്രക്രിയ നടന്നുവരികയായിരുന്നു' ഡിജിപി പറഞ്ഞു.

അതേസമയം ഹരിയാണയിലെ ഫരീദാബാദില്‍നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ ജമ്മു കശ്മീരിലെത്തിച്ചത് പിക്കപ്പ് വാനിലായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. 'ടാറ്റ 407 പിക്കപ്പ് ട്രക്കില്‍ ചെറിയ ബാഗുകളിലായാണ് കൊണ്ടുവന്നത്. വിദഗ്ധര്‍ ഇത് പരിശോധിക്കുന്നതിനിടെയാണ് 'അപകടം' സംഭവിച്ചത്.

വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച ഭീകരസംഘത്തിന്റെ സാധ്യമായ ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ശ്രമിക്കുകയാണ്' ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 9-10 തീയതികളില്‍ നടത്തിയ റെയ്ഡുകളില്‍ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍, പിന്നീട് എല്ലാ നടപടിക്രമങ്ങളും പാലിച്ച് ചെറിയ ബാഗുകളിലാക്കി വാഹനത്തില്‍ കശ്മീരിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫരീദാബാദ് റെയ്ഡിന്റെ യഥാര്‍ത്ഥ കേസ് രജിസ്റ്റര്‍ ചെയ്തത് നൗഗാം സ്റ്റേഷനിലായത് കൊണ്ടാണ് സ്‌ഫോടക വസ്തുക്കള്‍ ഇങ്ങോട്ടേക്ക് എത്തിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.