ന്യൂഡല്‍ഹി: ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്കുകളിലെ നിക്ഷേപം 2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക്(20,700 കോടി രൂപയിലധികം)കടന്നതായി സൂചിപ്പിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ് സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക കണക്ക്.

ഉപഭോക്താക്കളുടെ പണനിക്ഷേപത്തില്‍ കുറവുണ്ടെങ്കിലും കടപ്പത്രങ്ങള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയായി സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക കണക്ക് വ്യക്തമാക്കുന്നത്. ബാങ്കുകളുടെ ഇന്ത്യയിലുള്ള ശാഖകളിലൂടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളിലൂടെയുമുള്ള നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും.

2019-ന്റെ അവസാനത്തോടെ 899 ദശലക്ഷം സ്വിസ് ഫ്രാങ്ക്(6,625 കോടി രൂപ)ആയിരുന്ന ഇന്ത്യയില്‍ നിന്നുള്ള ഇടപാടുകാരുടെ ആകെ നിക്ഷേപത്തില്‍ രണ്ട് കൊല്ലത്തിനിടെ വന്‍ വര്‍ധന ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2006 ല്‍ 6.5 ബില്യണ്‍ സ്വിസ് ഫ്രാങ്ക് ആയിരുന്ന റെക്കോഡ് ഇന്ത്യന്‍ നിക്ഷേപത്തില്‍ 2011, 2013, 2017 എന്നീ വര്‍ഷങ്ങളിലൊഴികെ ഇടിവുണ്ടാകുന്ന പ്രവണതയാണ് 2019 വരെ പ്രകടിപ്പിച്ചിരുന്നതെന്ന് സ്വിസ് നാഷണല്‍ ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

2020 അവസാനത്തോടെ നിക്ഷേപം 2554.7 മില്യണ്‍ സ്വിസ് ഫ്രാങ്ക്(20,706 കോടി രൂപ) ആണെന്നാണ് സ്വിസ് നാഷണല്‍ ബാങ്ക് (എസ്എന്‍ബി)അറിയിക്കുന്നത്. ഇതില്‍ 503.9 മില്യണ്‍ സ്വിസ് ഫ്രാങ്ക്(4,000 കോടിയിലധികം രൂപ) നേരിട്ടുള്ള നിക്ഷേപവും 383 മില്യണ്‍ സ്വിസ് ഫ്രാങ്ക്(3,100 കോടിയില്‍ പരം രൂപ)മറ്റ് ബാങ്കുകളിലുള്ള നിക്ഷേപവും രണ്ട് ദശലക്ഷം സ്വിസ് ഫ്രാങ്ക്(16.5 കോടി രൂപ) ട്രസ്റ്റുകളിലെ നിക്ഷേപവും കൂടാതെ ബോണ്ടുകള്‍, സെക്യൂരിറ്റികള്‍, മറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ്‌സ് എന്നിവയിലൂടെ 1,664.8 മില്യണ്‍ സ്വിസ് ഫ്രാങ്ക്(ഏകദേശം 13,500 കോടി രൂപ)എന്നിങ്ങനെയാണ് നിക്ഷേപം.

അതേസമയം, 'കസ്റ്റമര്‍ അക്കൗണ്ട് ഡെപോസിറ്റ്‌സ്, ട്രസ്റ്റുകള്‍ വഴിയുള്ള നിക്ഷേപം, മറ്റ് ബാങ്കുകളിലെ നിക്ഷേപം എന്നിവയില്‍ കുത്തനെയാണ് ഇടിവ്. എന്നാല്‍, ഇവയ്ക്കുപരിയായുള്ള ഇന്ത്യന്‍ നിക്ഷേപത്തില്‍ 2019-ന്റെ അവസാനഘട്ടത്തിലുണ്ടായിരുന്ന 253 മില്യണ്‍ സ്വിസ് ഫ്രാങ്കിനേക്കാള്‍ ആറ് മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു ബാങ്കുകള്‍ കൈമാറിയ കണക്കുകള്‍ അടിസ്ഥാനമാക്കി എന്‍എന്‍ബി തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടാണിത്. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സ്വിസ് ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടുകളുടെ ആരോപണങ്ങള്‍ക്കുള്ള വിശദീകരണം ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.  

ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള നിക്ഷേപം നടത്താത്ത ഇന്ത്യക്കാരോ എന്‍.ആര്‍.ഐകളോ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. ഇന്ത്യക്കാരായ വ്യക്തികളില്‍നിന്നോ ബാങ്കുകളില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ ഇന്ത്യയിലുള്‍പ്പടെയുള്ള സ്വിസ് ബാങ്ക് ശാഖകളില്‍നിന്ന് ലഭിച്ച കണക്കുകളാണിതെന്ന് എസ്എന്‍ബി വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപം മാത്രമല്ല, സ്വിസ് ബാങ്കുകളില്‍നിന്നുള്ള വായ്പാകണക്കിലും ഏഴ് ശതമാനത്തോളം ഉണര്‍വുണ്ടായതായാണ് സൂചന. 

ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെ കള്ളപ്പണമായി കണക്കാനാവില്ലെന്ന് സ്വിസ് അധികൃതര്‍ പല വേളകളിലും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നികുതിത്തട്ടിപ്പിനും വെട്ടിപ്പിനുമെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് എല്ലാവിധ പിന്തുണയും സ്വിസ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. നികുതി സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ സംവിധാനം 2018 മുതല്‍ നിലവിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ 2019 സെപ്റ്റംബറില്‍ ഇന്ത്യക്കാരെ സംബന്ധിച്ചുള്ള വിവരം ആദ്യമായി സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറിയിരുന്നു. സംശയകരമായ ഇന്ത്യന്‍ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരവും സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യയ്ക്ക് കൈമാറി വരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നൂറോളം കേസുകളാണ് നിലവിലുള്ളത്.

Content Highlights: Indians' funds in Swiss banks climb to Rs 20,700 crore, highest in 13 years