വരുമാനത്തിലുള്ള അസമത്വമാണ് ഇന്ത്യയെ വികസിതരാഷ്ട്രങ്ങളിൽനിന്നു വേർതിരിക്കുന്ന സുപ്രധാനഘടകം. വേൾഡ് ഇനീക്വാളിറ്റി റിപ്പോർട്ട് പ്രകാരം അടിത്തട്ടിലുള്ള 50 ശതമാനം ഇന്ത്യക്കാരുടെ കൈകളിൽ രാജ്യത്തെ സമ്പത്തിന്റെ മൂന്നുശതമാനം മാത്രമേയുള്ളൂ

Representational Image | Canva.com
ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തികശക്തിയാവുന്നതിന് സാക്ഷ്യംവഹിച്ചുകൊണ്ടാണ് 2025 വിടപറഞ്ഞത്. നിലവിൽ 4.187 ട്രില്യൺ ഡോളർ (376 ലക്ഷം കോടി രൂപ) ആണ് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി). ജപ്പാന്റേത് 4.186 ട്രില്യൺ ഡോളറും. അടുത്ത മൂന്നുകൊല്ലത്തിൽ ജർമനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തികശക്തിയാവുമെന്നും നിഗമനമുണ്ട്. 5.01 ട്രില്യൺ ഡോളറാണ് ജർമനിയുടെ ജിഡിപി. ഒന്നാംസ്ഥാനത്തുള്ള അമേരിക്കയുടെ ജിഡിപി 31 ട്രില്യൺ ഡോളറാണ്. രണ്ടാംസ്ഥാനത്തുള്ള ചൈനയ്ക്ക് 19.4 ട്രില്യൺ ഡോളർ ജിഡിപിയാണുള്ളത്. 140 കോടി ജനങ്ങളുടെ കരുത്തിലാണ് ഇന്ത്യ ജപ്പാനെ കടത്തിവെട്ടിയിരിക്കുന്നത്. 12.5 കോടി ജനസംഖ്യയുള്ള ജപ്പാന് എണ്ണത്തിൽ ഇന്ത്യയോട് കിടപിടിക്കാൻ ഇനിയിപ്പോൾ സ്വപ്നംകാണുക മാത്രമേ തരമുള്ളൂ.
ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമാവുമ്പോൾ ഭരണഘടനാ ശില്പി അംബേദ്കർ പറഞ്ഞത് ഇവിടെ രാഷ്ട്രീയജനാധിപത്യമുണ്ടെന്നും എന്നാൽ, സാമൂഹിക, സാമ്പത്തിക ജനാധിപത്യം ഇനിയും അകലെയാണെന്നുമാണ്. ജനാധിപത്യരഹിതമായ ഒരു ഘടനയുടെ മുകൾത്തട്ടിലുള്ള ആവരണം മാത്രമാണ് ഈ രാഷ്ട്രീയജനാധിപത്യം എന്നും അംബേദ്കർ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയായ എല്ലാവർക്കും വോട്ട് എന്നത് വലിയൊരു മുന്നേറ്റമായിരുന്നു. എന്നാൽ, സാമൂഹികമായും സാമ്പത്തികമായുമുള്ള ഉച്ചനീചത്വങ്ങൾ ഈ ജനാധിപത്യസംവിധാനത്തെ അടിസ്ഥാനപരമായി ദുർബലമാക്കി. ഭരണഘടന നിലവിൽവന്ന് 75 കൊല്ലം പിന്നിടുമ്പോൾ ഇന്ത്യ ജിഡിപിയിൽ ബ്രിട്ടനും മുന്നിലാണ്. സൂര്യനസ്തമിക്കാതിരുന്ന ഒരു സാമ്രാജ്യത്തിന്റെ കോളനിയായിരുന്ന കാലം ഇന്നിപ്പോൾ ഇന്ത്യയെസംബന്ധിച്ചിടത്തോളം അതിവിദൂരമായൊരു കാലത്തിന്റെ മാഞ്ഞുകഴിഞ്ഞ നിഴൽമാത്രമാണ്.
വൈരുധ്യങ്ങളുടെ തിരയടി
ഇന്ത്യയുടെ നേട്ടം കുറച്ചുകാണേണ്ടതില്ല. പക്ഷേ, നേരിയൊരു വ്യത്യാസത്തിൽ ജപ്പാനെ മറികടക്കുമ്പോഴും ജീവിതനിലവാരത്തിൽ ജപ്പാനിലെ പൗരസമൂഹം ഇന്ത്യൻ ജനതയെക്കാൾ വളരെയേറെ മുന്നിലാണ്. പ്രതിശീർഷ ജിഡിപി എടുത്താൽ ഈ സംഗതി കുറെക്കൂടി വ്യക്തമാവും. ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി 2934 ഡോളർ മാത്രമാണ്. എന്നാൽ, ജപ്പാന്റേത് 33,955 ഡോളറും. അതായത് ജപ്പാൻ ജനതയുടെ വ്യക്തിഗതവരുമാനം ഇന്ത്യയിലേതിനെക്കാൾ 11 ഇരട്ടിയെങ്കിലും വരും.
ഒരു ഫ്രിഡ്ജ് മാത്രമുള്ള പത്തുപേർ താമസിക്കുന്ന വീടാണ് ഇന്ത്യയെങ്കിൽ രണ്ടുപേരുള്ള ആഡംബരഭവനമാണ് ജപ്പാൻ. സാധനങ്ങൾ വാങ്ങാനുള്ള ശേഷി ജപ്പാനിൽ 122.7 ആണെങ്കിൽ ഇന്ത്യയുടേത് 83.9 ആണ്. സുരക്ഷിതത്വത്തിന്റെ തലത്തിൽ ജപ്പാന്റെ സ്‌കോർ 77 ആണെങ്കിൽ ഇന്ത്യയുടേത് 55 ആണ്. ആരോഗ്യസൂചികയിൽ ജപ്പാൻ 80-ൽ എത്തിനിൽക്കുമ്പോൾ ഇന്ത്യ 65.5-ലാണ്. കൂടുതൽ മികച്ച അടിസ്ഥാനസൗകര്യങ്ങൾ, റോഡുകൾ, ഗതാഗതം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവയിലെല്ലാംതന്നെ ജപ്പാൻ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്.
അതേസമയം, മലിനീകരണത്തിന്റെ കാര്യത്തിൽ ജപ്പാൻ ഇന്ത്യയുടെ നാലയലത്തുപോലുമില്ല. മലിനീകരണത്തിന്റെ തോത് ജപ്പാനിൽ 38.5 ആണെങ്കിൽ ഇന്ത്യയിൽ 72.9 ആണ്. തൊഴിലില്ലായ്മയിലും ഇന്ത്യയാണ് മുന്നിൽ. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 4.7 ശതമാനമാണ് ഇന്ത്യയിൽ തൊഴിലില്ലായ്മ; ജപ്പാനിൽ 2.6 ശതമാനവും. തൊഴിൽമേഖലയിൽ വനിതകളുടെ പങ്കാളിത്തം ഇന്ത്യയിൽ 19 ശതമാനമാണെങ്കിൽ ജപ്പാനിൽ 53 ശതമാനമാണ്. യുവാക്കളുടെ ഇടയിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ 25 ശതമാനത്തോളമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജപ്പാനിൽ ഇത് വെറും മൂന്നുശതമാനമേയുള്ളൂ. ഗവേഷണ-വികസന (R&D) മേഖലയിൽ ജപ്പാൻ ജിഡിപിയുടെ 3.41 ശതമാനം ചെലവഴിക്കുമ്പോൾ ഇന്ത്യ ചെലവിടുന്നത് 0.7 ശതമാനം മാത്രമാണ്. ചൈനയിലെ മുൻനിര ടെലികോം കമ്പനി വാവെ 2023-ൽ ഈ മേഖലയിൽ 23.4 ബില്യൺ ഡോളർ ചെലവിട്ടതിനെക്കുറിച്ച് അടുത്തിടെ എഴുതിയ ലേഖനത്തിൽ ശശി തരൂർ ചൂണ്ടിക്കാട്ടിയിരുന്നു. നമ്മൾ ചെലവിടുന്നതിനെക്കാൾ കൂടുതൽ ചൈനയിലെ ഒരൊറ്റ കമ്പനി ചെലവിടുമ്പോൾ മുന്നോട്ടുള്ള യാത്രയിൽ നമ്മുടെ മുൻഗണനകൾ എത്രമാത്രം മാറേണ്ടതുണ്ടെന്നാണ് തരൂർ വ്യക്തമാക്കിയത്.
കോർപ്പറേറ്റുകളുടെ കുതിപ്പ്
വരുമാനത്തിലുള്ള അസമത്വമാണ് ഇന്ത്യയെ വികസിതരാഷ്ട്രങ്ങളിൽനിന്നു വേർതിരിക്കുന്ന സുപ്രധാനഘടകം. വേൾഡ് ഇനീക്വാളിറ്റി റിപ്പോർട്ട് പ്രകാരം അടിത്തട്ടിലുള്ള 50 ശതമാനം ഇന്ത്യക്കാരുടെ കൈകളിൽ രാജ്യത്തെ സമ്പത്തിന്റെ മൂന്നുശതമാനം മാത്രമേയുള്ളൂ. അതേസമയം, വരുമാനത്തിൽ മുന്നിൽനിൽക്കുന്ന ഒരു ശതമാനത്തിന്റെ കൈയിൽ 40 ശതമാനം സ്വത്തുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണം 2014-ൽ 70 ആയിരുന്നെങ്കിൽ 2025-ൽ 284 ആയി. പത്തുകൊല്ലത്തിനുള്ളിൽ മൂന്നിരട്ടി വർധന. അതേസമയം ആഗോള മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 130 ആണ്. 193 രാജ്യങ്ങളുടെ പട്ടികയിലാണ് ഈ സ്ഥാനമെന്ന് മറക്കരുത്. ആഗോള വിശപ്പ് സൂചികയിൽ കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് 121 രാജ്യങ്ങളിൽ 102-ാം സ്ഥാനത്താണ്.
ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ സ്വത്ത് കഴിഞ്ഞ പത്തുവർഷങ്ങളിൽ 18 ബില്യൺ ഡോളറിൽനിന്ന് 119 ബില്യൺ ഡോളറായി വർധിച്ചു. രണ്ടാംസ്ഥാനത്തുള്ള ഗൗതം അദാനിയുടെ സ്വത്ത് ഏഴു ബില്യൺ ഡോളറിൽനിന്ന് 84 ബില്യൺ ഡോളറായി ഉയർന്നു. ഇവർ രണ്ടുപേരുടെയും സ്വത്തുമാത്രം ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 4.86 ശതമാനം വരും. ഇന്ത്യയിൽ ഏറ്റവും മുകളിലുള്ള 300 ധനികരുടെ സ്വത്ത് 1.6 ട്രില്യൺ ഡോളർ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനം 300 പേരുടെ കൈയിലാണെന്നർഥം.
ഇക്കഴിഞ്ഞ നവംബറിൽനടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപ എത്തിയത് ഇതോടൊപ്പം ചേർത്തുവായിക്കണം. വരുമാന അസമത്വം പ്രതിഷേധവോട്ടാകാതിരിക്കാനുള്ള രാഷ്ട്രീയതന്ത്രം.
തലമുറകളായി കൈമാറിക്കിട്ടുന്ന സ്വത്തിന് ഇന്ത്യയിൽ നികുതി (ഇൻഹെറിറ്റൻസ് ടാക്‌സ്) ഇല്ല. ജപ്പാനിൽ 55 ശതമാനം നികുതിയാണ് ഇത്തരത്തിൽ കൊടുക്കേണ്ടത്. വൻകിട കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി മോദി സർക്കാർ 2019-ൽ 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചു. എന്നാൽ, ജപ്പാനിൽ 35 ശതമാനത്തോളമാണ് ഈ മേഖലയിലുള്ള നികുതി. ആരോഗ്യപരിപാലനം, ശിശുക്ഷേമം, പെൻഷൻ, അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ജപ്പാൻ ഇങ്ങനെ കിട്ടുന്ന പണം ചെലവിടുന്നത്. പക്ഷേ, സാധാരണ മനുഷ്യരുടെ നികുതിഭാരം ക്രമാതീതമായി വർധിക്കുന്നതാണ് ജിഎസ്ടിയുടെ വ്യാപനത്തിലൂടെ ഇന്ത്യയിലുണ്ടായത്.
Content Highlights: India`s GDP now exceeds Japan`s, making it the 4th largest economy. Explore this milestone and what it means for India`s future growth and challenges.
Published: 10 Jan 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented