മുംബൈ: സർക്കാർ കരാറുകളിൽ ചൈനീസ് കമ്പനികൾക്കേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതു പരിഗണിച്ച് കേന്ദ്രസർക്കാർ. ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുകയും അതിർത്തിസംഘർഷം കുറയുകയും ചെയ്ത സാഹചര്യത്തിൽ വാണിജ്യ ഇടപാടുകൾ മെച്ചപ്പെടുത്തുന്നത് കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

To advertise here,

ഇരുരാജ്യവും തമ്മിൽ അതിർത്തിസംഘർഷം രൂക്ഷമാകുകയും സൈനികർ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കു നീങ്ങുകയും ചെയ്തതോടെ 2020-ലാണ് സർക്കാർ കരാറുകളിൽനിന്ന് ചൈനീസ് കമ്പനികൾക്ക് ഇന്ത്യ നിയന്ത്രണം കൊണ്ടുവന്നത്.

ഇന്ത്യൻ കരാറുകൾക്കായുള്ള ലേലത്തിൽ പങ്കെടുക്കുന്നതിന് സർക്കാർസമിതിയുടെ അംഗീകാരം നിർബന്ധമാക്കിക്കൊണ്ടായിരുന്നു ഇത്.

ഫലത്തിൽ ചൈനീസ് കമ്പനികൾക്ക് ഇന്ത്യൻ സർക്കാരിന്റെ കരാറുകൾക്കായി പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയായി. ഇത്തരം കരാറുകളിൽ അന്തിമതീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിന്റേയായിരുന്നു. അഞ്ചുവർഷത്തിനുശേഷമാണ് ഇതിൽ ഇളവു പരിഗണിക്കുന്നത്. അതേസമയം, ഇന്ത്യ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഏഴുവർഷത്തിനുശേഷം ആദ്യമായി 2025-ൽ മോദി ചൈന സന്ദർശിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവചുമത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും വാണിജ്യബന്ധം മെച്ചപ്പെടുത്താൻ ധാരണയിലെത്തുകയും ചെയ്തു.