ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില കുറയ്ക്കുമോ എന്ന കാര്യത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരണം നടത്തി. ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികളാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. എണ്ണക്കമ്പനികൾ അവരുടെ മുൻപത്തെ നഷ്ടം നികത്തിക്കഴിഞ്ഞാൽ വില കുറയ്ക്കുന്ന കാര്യം പരിഗണിച്ചേക്കാം. ആഗോള വിപണിയിലെ വില നിലവാരം സ്ഥിരത കൈവരിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇന്ധനവിലയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. നിലവിൽ ആഗോള വിപണിയിലെ സാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ടെങ്കിലും, ഈ കുറഞ്ഞ നിരക്ക് സ്ഥിരമായി തുടരുകയാണെങ്കിൽ മാത്രമേ വില കുറയ്ക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുകയുള്ളൂ. സാധാരണയായി രണ്ട് മാസങ്ങൾക്ക് മുമ്പ് വാങ്ങുന്ന എണ്ണയുടെ വിലയെ അടിസ്ഥാനമാക്കിയാണ് നിലവിലെ വിപണി വില നിശ്ചയിക്കുന്നത്. നിലവിൽ എണ്ണക്കമ്പനികൾ പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സമയത്ത് ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണയാണ് ഇപ്പോഴും സംസ്‌കരിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ഉടൻ തന്നെ രാജ്യത്തെ പെട്രോൾ പമ്പുകളിൽ പ്രതിഫലിക്കില്ല.

സംഘർഷ സമയത്ത് വില വർദ്ധിപ്പിക്കാത്തതിനാൽ ജൂൺ 30 വരെയുള്ള കാലയളവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 120 ഡോളർ വരെ ഉയർന്ന സമയത്ത് പ്രതിദിനം 2,400 കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾ സഹിച്ചത്. നിലവിലെ കുറഞ്ഞ വില തുടരുകയാണെങ്കിൽ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. എണ്ണ സംഭരണത്തിലെയും സംസ്‌കരണത്തിലെയും രീതികൾ പരിഗണിക്കുമ്പോൾ, അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കാൻ ഏകദേശം കുറച്ച് മാസമെങ്കിലും ഇതേ രീതിയിൽ വില കുറഞ്ഞു നിൽക്കേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരാതെ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചുവെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ധനക്ഷാമം നേരിട്ടപ്പോഴും ഇന്ത്യയിൽ ഒരിടത്തും ഇന്ധനത്തിന് തടസ്സമുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസിത രാജ്യങ്ങളായ യു.എസ്, കാനഡ തുടങ്ങിയവിടങ്ങളിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെ വർധിച്ചപ്പോൾ ഇന്ത്യയിൽ ഇത് കേവലം 11 ശതമാനം മാത്രമായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. അയൽരാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിലും ഇന്ത്യയിൽ വില വർധനവ് കുറഞ്ഞ നിരക്കിൽ നിലനിർത്താൻ സാധിച്ചു. വൻതോതിലുള്ള സാമ്പത്തിക നഷ്ടം കമ്പനികൾ തന്നെ ഏറ്റെടുത്തതുകൊണ്ടാണ് ആഗോള വിപണിയിൽ വില ഉയർന്നപ്പോഴും ഇന്ത്യയിൽ ഇന്ധനവില വലിയ തോതിൽ വർദ്ധിപ്പിക്കാതെ നിയന്ത്രിക്കാൻ സാധിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.