ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും ഡോണാൾഡ് ട്രംപും തമ്മിൽ കഴിഞ്ഞ ദിവസം സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺദീപ് ജയ്സ്വാൾ പറഞ്ഞു. 

To advertise here,

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി അറിയിച്ചതായി ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ചുകൊണ്ട് വിദേശകാര്യമന്ത്രാലയം രാവിലെ പത്രക്കുറിപ്പ് ഇറക്കി. ഇതിന് പിന്നാലെയാണ് വാർത്താ സമ്മേളനത്തിലും വിദേശകാര്യമന്ത്രാലയം ഇക്കാര്യം ആവർത്തിച്ചത്.

ട്രംപും മോദിയുമായി ഇത്തരത്തിൽ എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സംഭാഷണവും നടന്നിട്ടില്ലെന്ന് രൺദീപ് ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ടെലിഫോൺ വഴിയോ അല്ലാതെയോ അത്തരത്തിൽ ഒരു സംഭാഷണം ഉണ്ടായതായി തനിക്കറിയില്ലെന്നും രൺദീപ് ജയ്സ്വാൾ പറഞ്ഞു.

ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും മോസ്‌കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണിതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. 'ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല, റഷ്യയില്‍നിന്ന് അവര്‍ എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം (മോദി) ഇന്ന് എനിക്ക് ഉറപ്പ് നല്‍കി. അതൊരു വലിയ ചുവടുവെപ്പാണ്. ഇനി ചൈനയെക്കൊണ്ടും ഇതുതന്നെ ചെയ്യിക്കും', ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് ഉടനടി എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ കഴിയില്ലെന്നും, എന്നാല്‍ അത് നടപ്പിലാകുമെന്നും വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.