ന്യൂഡൽഹി: ക്ഷമിക്കാനാകാത്ത തരത്തിൽ അതിർത്തി കടന്നുള്ള ഭീകരാക്രമണം നടത്തിയാൽ പാകിസ്താന്റെ സൈനിക നേതൃത്വത്തെ തന്നെ ഉന്മൂലനം ചെയ്യുന്ന സൈനികതന്ത്രത്തിന് ഇന്ത്യ രൂപം നൽകുന്നതായി സൂചന. 2025 മെയ് മാസത്തിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' നൽകിയ പാഠങ്ങളാണ് ഈ നയപരമായ മാറ്റത്തിന് പിന്നിലെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു. ശത്രുവിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രധാന വ്യക്തികളെ തന്നെ ഇല്ലാതാക്കുന്ന 'ഡെക്കാപിറ്റേഷൻ സ്‌ട്രൈക്ക്' (Decapitation Strike) എന്ന സൈനിക തന്ത്രത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നാണ് വിലയിരുത്തൽ. പ്രധാന നേതൃസ്ഥാനത്തുള്ളവർ ഇല്ലാതായാൽ സംഘർഷങ്ങളും പ്രകോപനവും വളരെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കാനാകും. ദീർഘനാൾ തുടരുന്ന സൈനിക സംഘർഷം ഒഴിവാക്കുകയുമാകാം. ഇന്ത്യയ്‌ക്കെതിരായ തന്ത്രങ്ങൾ രൂപീകരിക്കുന്ന ബുദ്ധികേന്ദ്രങ്ങളെ ഇല്ലാതാക്കിയാൽ പെട്ടെന്ന് തന്നെ എതിരാളിയെ തളർക്കാനാകും.
ഈ പുതിയ യുദ്ധതന്ത്രത്തിന്റെ പ്രധാന കരുത്ത് ഇസ്രായേൽ നിർമ്മിത അത്യാധുനിക സ്റ്റാൻഡ്-ഓഫ് ആയുധങ്ങളാണ്. പ്രത്യേകിച്ച്, അതിവേഗത്തിൽ സഞ്ചരിക്കുന്ന റാംപേജ്, സൂപ്പർസോണിക് മിസൈലുകളും, സ്‌പൈസ്-1000, സ്‌പൈസ്-2000 പ്രിസിഷൻ-ഗൈഡഡ് മിസൈലുകൾ തുടങ്ങിയവ. 150 മുതൽ 250 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ ആയുധങ്ങൾ ഉപയോഗിച്ച്, ഇന്ത്യൻ വിമാനങ്ങൾക്ക് അതിർത്തി കടക്കാതെ തന്നെ ശത്രുവിന്റെ ഭൂഗർഭ ബങ്കറുകളും കമാൻഡ് കേന്ദ്രങ്ങളും തകർക്കാൻ സാധിക്കും. വ്യോമസേനയുടെ സുഖോയ്-30 എംകഐ, മിഗ്-29, റാഫേൽ എന്നീ മുൻനിര യുദ്ധവിമാനങ്ങളിൽ ഈ ആയുധങ്ങൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ജിപിഎസ്, ഇനർഷ്യൽ നാവിഗേഷൻ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ മിസൈലുകൾ ജാമിംഗിനെ പ്രതിരോധിക്കാനും അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും കഴിവുള്ളവയാണ്.
ആണവായുധ പ്രകോപനത്തിലേക്ക് നീങ്ങാതെ തന്നെ, ശത്രുവിന്റെ ആശയവിനിമയ സംവിധാനങ്ങളെയും നേതൃത്വത്തെയും ആദ്യ മണിക്കൂറുകളിൽ തന്നെ തകർക്കുക എന്നതാണ് ലക്ഷ്യം. റിയൽ ടൈം സാറ്റലൈറ്റ് ഇന്റലിജൻസ്, ഹൈ-ആൾട്ടിറ്റിയൂഡ് ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ ശത്രുക്കളെ അതിവേഗം കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷി ഇന്ത്യ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതേ ലക്ഷ്യം മുൻനിർത്തി ദീർഘദൂര ആക്രമണത്തിനുള്ള ആയുധ സംഭരണവും തുടരുകയാണ്. പ്രതിരോധത്തിൽ നിന്നുള്ള മാറ്റം മുൻകാലങ്ങളിൽ നടത്തിയിരുന്ന പ്രതീകാത്മകമായ തിരിച്ചടികളിൽനിന്നു വ്യത്യസ്തമായി, ശത്രുവിന് കനത്ത ആഘാതം നൽകുന്ന രീതിയിലേക്കാണ് ഇന്ത്യയുടെ മാറ്റം. 2026-ഓടെ ആയിരത്തിലധികം പ്രിസിഷൻ-ഗൈഡഡ് ആയുധങ്ങൾ അടിയന്തരമായി വാങ്ങാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ശത്രുരാജ്യത്തെ സൈനിക നേതൃത്വത്തിന് വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകുന്നതിലൂടെ, ഭീകരവാദത്തിന് പ്രോത്സാഹനം നൽകുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
നേരത്തെ തന്നെ യുഎസ് വിവിധ യുദ്ധങ്ങളിലും മിഡിൽ ഈസ്റ്റിൽ ഇസ്രയേലും നടപ്പിലാക്കിവരുന്ന സൈനിക തന്ത്രമാണ് ഇത്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന് പിന്നാലെ ഹമാസ്, ഹിസ്ബുള്ള എന്നീ സായുധ സംഘടനകളുടെ നേതൃത്വത്തെ ഇസ്രയേൽ ഇല്ലാതാക്കിയിരുന്നു. ഇതേ തന്ത്രമാണോ ഇന്ത്യ നടപ്പാക്കുക എന്നത് വ്യക്തമല്ല. എങ്കിലും സമാനതകളേറെയുണ്ടാകും. ഡെകാപിറ്റേഷൻ സ്‌ട്രൈക്കിന് കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ വേണ്ടിവരും. ഇക്കാര്യത്തിൽ പല രാജ്യങ്ങൾക്കും വ്യത്യസ്ത രീതികളാണ് ഉള്ളത്. യുഎസ് ആകട്ടെ പലപ്പോഴും പ്രഡേറ്റർ ഡ്രോണുകൾ ഉപയോഗിച്ച് ശത്രുവിനെ വളരെ ദൂരെനിന്ന് കൃത്യതയർന്ന മിസൈൽ ഉപയോഗിച്ച് വധിക്കുകയാണ് ചെയ്യുക. ഇസ്രയേലാകട്ടെ അവർ ലക്ഷ്യമിടുന്ന ആൾ ഉള്ള സ്ഥലം പൂർണമായും തകർക്കുകയാണ് ചെയ്യുക.
ഇന്ത്യയുടെ പക്കൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്‌മോസ് ഉൾപ്പെടെയുള്ള ക്രൂസ് മിസൈലുകളുമുണ്ട്. ഇവയെ പ്രതിരോധിക്കുക അസാധ്യമാണ്. ഇവ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനിൽ കനത്ത നാശം വിതച്ചത്. അന്ന് സൈനിക കേന്ദ്രങ്ങളും ഭീകരവാദ കേന്ദ്രങ്ങളുമായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത്. ഡെകാപിറ്റേഷൻ തന്ത്രത്തിന്റെ പരീക്ഷണമായിരുന്നു ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നടത്തിയത്. ഇനി അതിർത്തി കടന്നുള്ള ഏത് ഭീകരവാദ ആക്രമണങ്ങളും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്നും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഏത് സമയത്തും തിരിച്ചടിക്ക് സന്നദ്ധമാകുന്ന തരത്തിലാണ് ഇന്ത്യയുടെ ആയുധ സംഭരണ നീക്കങ്ങളും.
Content Highlights: India develops a potent `Decapitation Strike` military strategy targeting enemy leadership. Learn about the advanced weapons and implications for regional security.
Published: 22 Jan 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented