റാഞ്ചി: ഝാര്‍ഖണ്ഡിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് പുതിയ തലവേദനയായി സഹോദരനും എംഎല്‍എയുമായ ബസന്ത് സോറന്റെ 
വിവാദ പ്രതികരണം.

To advertise here,

അടുത്തിടെ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്തിനെ തുടര്‍ന്ന് കനത്ത പ്രതിഷേധങ്ങളില്‍ തിളച്ചുമറയുന്ന ധുംകയില്‍ നിന്നുള്ള എംഎല്‍എയാണ് ബസന്ത് സോറന്‍. 

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഇയാള്‍ ഡല്‍ഹി സന്ദര്‍ശനത്തിലായിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ബസന്ത് താന്‍ ഡല്‍ഹിയിലേക്ക് അടിവസ്ത്രം വാങ്ങാന്‍ പോയതായിരുന്നുവെന്നാണ് പ്രതികരിച്ചത്. 

ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ബസന്ത് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. എംഎല്‍എ സ്ഥലത്തില്ലാതിരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിന്റെ കാരണം ആരാഞ്ഞ മാധ്യമങ്ങളോട് എംഎല്‍എയുടെ പ്രതികരണം ഇങ്ങനെയായിരുന്നു,'എന്റെ അടിവസ്ത്രങ്ങളെല്ലാം തീര്‍ന്നു പോയി. അതിനാല്‍ കുറച്ച് വാങ്ങിക്കാന്‍ വേണ്ടിയാണ് പോയത്. ഡല്‍ഹിയില്‍ നിന്ന് അത് കൊണ്ടുവന്നു' ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്‍കി. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടെന്ന് സമ്മതിച്ച ബസന്ത് സോറന്‍ ഇപ്പോള്‍ പ്രശ്‌നമില്ലെന്നും വ്യക്തമാക്കി.

ബസന്തിന്റെ പ്രതികരണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബിജെപി അട്ടിമറി സാധ്യതകളും അയോഗ്യത ഭീഷണിയും നേരിടുന്ന ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇപ്പോള്‍ ഇതിന് കൂടി മറുപടി പറയേണ്ട അവസ്ഥയിലാണ്.

ബസന്ത് സോറന്റെ പ്രതികരണം ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ അസ്ഥിരതയ്ക്കിടയില്‍ കഴിഞ്ഞ ദിവസം ഹേമന്ത് സോറന്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തി വിജയം നേടിയിരുന്നു. അതേ സമയം എംഎല്‍എമാരില്‍ പലരും ഇപ്പോഴും റിസോര്‍ട്ടില്‍ തന്നെയാണുള്ളത്.