ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തുന്നത് ഇതാദ്യമായല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഓരോവര്‍ഷവും നൂറുകണക്കിന് ഇന്ത്യക്കാരെയാണ് അനധികൃതമായി പ്രവേശിച്ചതിന് അമേരിക്കയില്‍നിന്ന് നാടുകടത്തുന്നതെന്നും 2012-ല്‍ ഇവരുടെ എണ്ണം 530 ആയിരുന്നെങ്കില്‍ 2019-ല്‍ അത് 2000-ലേറെ ആയെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. 

To advertise here,

കഴിഞ്ഞദിവസം നാടുകടത്തിയ ഇന്ത്യക്കാരെ അമേരിക്ക കൈകാര്യംചെയ്ത രീതിയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വിഷയത്തില്‍ വിദേശകാര്യമന്ത്രി വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി സംസാരിച്ചശേഷമാണ് വിദേശകാര്യ മന്ത്രി രാജ്യസഭയില്‍ വിശദീകരണം നല്‍കിയത്. 

യു.എസില്‍നിന്നുള്ള നാടുകടത്തല്‍ പുതിയ കാര്യമല്ല. വര്‍ഷങ്ങളായി അതുനടക്കുന്നു. ഇത് ഒരു രാജ്യത്തിന് മാത്രം ബാധകമായ നയമല്ല. അതിനാല്‍ അവിടേക്കുള്ള അനധികൃത കുടിയേറ്റത്തിലാണ് നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും നാടുകടത്തുന്നവരെ മോശമായരീതിയില്‍ കൈകാര്യംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ യു.എസുമായി ഇടപെടുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 

യു.എസില്‍നിന്ന് നാടുകടത്തിയവരെ തിരികെകൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെട്ടില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. ഇവരെ മാനുഷികമായരീതിയില്‍ തിരികെയെത്തിക്കാന്‍ ഇന്ത്യയില്‍നിന്ന് സൈനികവിമാനമോ ചാര്‍ട്ടര്‍ വിമാനമോ അയക്കാമായിരുന്നില്ലേ എന്നും പ്രതിപക്ഷം ചോദിച്ചു.

വിഷയത്തില്‍ കൊളംബിയ സ്വീകരിച്ച നിലപാടും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ചൂണ്ടിക്കാട്ടി. യു.എസില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി ആദ്യ സൈനിക വിമാനം എത്തിയപ്പോള്‍ തന്നെ കൊളംബിയ വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. യാത്രക്കാരെ കൈവിലങ്ങണിയിച്ചും പരസ്പരം ചങ്ങലകൊണ്ട് ബന്ധിച്ചും യു.എസ്. സൈനികവിമാനത്തില്‍ കൊണ്ടുവരുന്നതിനെയാണ് കൊളംബിയ എതിര്‍ത്തത്. യു.എസ്. സൈനികവിമാനങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്തിറങ്ങാന്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അനുമതി നിഷേധിക്കുകയുംചെയ്തു. പിന്നാലെ കൊളംബിയക്ക് മേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയാണ് യു.എസ്. തിരിച്ചടിച്ചത്. 

അമേരിക്കയില്‍നിന്ന് നാടുകടത്തിയ 104 ഇന്ത്യക്കാരെ വഹിച്ചുള്ള യു.എസ്. സൈനികവിമാനം കഴിഞ്ഞദിവസമാണ് അമൃത്സറിലെത്തിയത്. എന്നാല്‍, ഇതിനുപിന്നാലെ നാടുകടത്തുന്നവരെ കൈവിലങ്ങണിയിച്ച് ചങ്ങലകൊണ്ട് പരസ്പരം ബന്ധിച്ച് വിമാനത്തിലിരുത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് അമേരിക്ക കുടിയേറ്റക്കാരെ കൈകാര്യംചെയ്തരീതിയില്‍ വ്യാപകപ്രതിഷേധമുയര്‍ന്നത്.