ലഖ്‌നൗ: അയോധ്യയിലെ പള്ളി നിര്‍മാണ ചടങ്ങിന്റെ ഉദ്ഘാടനത്തിനായി തന്നെ ക്ഷണിക്കുകയാണെങ്കില്‍ ഒരു ഹിന്ദു എന്ന നിലയില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ഒരു മതവുമായും യാതൊരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇഫ്താറിലും മറ്റും പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തലയില്‍ തൊപ്പിധരിക്കുന്നത് മതനിരപേക്ഷരാണെന്ന് ഭാവിക്കുന്നതിന് വേണ്ടിയാണെന്നും അത് മതേതരത്വമല്ലെന്നും പറഞ്ഞു. എബിപി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ പോകില്ല, കാരണം ഞാനൊരു യോഗിയാണ്. ഒരു ഹിന്ദു എന്ന നിലയില്‍ എനിക്ക് എന്റെ ആരാധനാരീതി അനുസരിച്ച് ജീവിക്കാന്‍ അധികാരമുണ്ട്. പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട യാതൊരു കക്ഷിയിലും ഞാനില്ല, അതികൊണ്ടാണ്  അവര്‍ എന്നെ അങ്ങോട്ടേക്ക് വിളിക്കാത്തത്. തന്നെയുമല്ല ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നുമില്ല. അത്തരമൊരു ക്ഷണപത്രം ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.' യോഗി ആദിത്യനാഥ് പറഞ്ഞു.

Content Highlights:I will not go for the Ayodhya mosque inauguration: Yogi Adityanath