ന്യൂഡല്‍ഹി: രാജ്യസഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി. അഭിഷേക് മനു സിങ്വിയുടെ സീറ്റില്‍ നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സുരക്ഷ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും രാജ്യസഭാ സെക്രട്ടറിയേറ്റ്, മുതര്‍ന്ന എം.പിമാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. നോട്ടുകെട്ടുകള്‍ എങ്ങനെയെത്തിയെന്ന് അറിയുന്നതിനായി സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്. 

To advertise here,

വ്യാഴാഴ്ച വൈകുന്നേരം സഭ പിരിഞ്ഞതിന് ശേഷം 50,000 രൂപ വരുന്ന 500 രൂപയുടെ നോട്ടുകെട്ട് അഭിഷേക് സിങ്വിയുടെ സീറ്റില്‍ നിന്ന് കണ്ടെത്തിയതായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായി ജഗ്ദീപ് ധന്‍കര്‍ എം.പിമാരോട് അറിയിച്ചിരുന്നു. പതിവ് പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ട് കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഈ സംഭവത്തെ കുറിച്ച് അറിയില്ലെന്നും ആ പണം തന്റേതല്ലെന്നുമാണ്‌ സിങ്‌വി പറയുന്നത്‌.. 

കഴിഞ്ഞ ദിവസം സഭ പിരിഞ്ഞതിന് ശേഷം നടത്തിയ പതിവ് പരിശോധനയ്ക്കിടെ സീറ്റ് നമ്പര്‍ 222-ല്‍ നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ചു. ഈ സീറ്റ് നിലവില്‍ അനുവദിച്ചിരിക്കുന്നത് തെലങ്കാനയില്‍നിന്നുള്ള അംഗം അഭിഷേക് മനു സിങ്വിക്കാണ്. ഇക്കാര്യത്തില്‍ നിയമപരമായ അന്വേഷണം നടത്തിവരികയാണ്', എന്നായിരുന്നു സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ സഭയെ അറിയിച്ചത്. ഈ വിവരം രാജ്യസഭാ സെക്രട്ടേറിയറ്റില്‍ അറിയിക്കുകയും പണം ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് കൗണ്ടറില്‍ ഏല്‍പ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. 

ഇതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് നിഗമനത്തിലെത്തരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പിന്നാലെ സഭയില്‍ ബഹളമായി.

അതേസമയം, ആരോപണം അഭിഷേക് സിങ്വി നിഷേധിച്ചു. 'രാജ്യസഭയില്‍ പോയപ്പോള്‍ എന്റെ കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഞാന്‍ സഭയില്‍ എത്തിയത് 12.57-നാണ്. ഒരുമണിക്ക് സഭ പിരിഞ്ഞു. പിന്നീട് 1.30-വരെ ഞാന്‍ അയോധ്യ എം.പി. അവധേഷ് പ്രസാദിനൊപ്പം പാര്‍ലമെന്റ് ക്യാന്റീനിലായിരുന്നു', അദ്ദേഹം വ്യക്തമാക്കി.