ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജി ജസ്റ്റിസ്മാരായ ഹൃഷികേശ് റോയ്, എസ് വി ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കും. വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ഈ ഹര്‍ജി പരിഗണിക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പടെ വിളിച്ചുവരുത്തണമെന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. 

To advertise here,

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ അതില്‍ നടപടി സ്വീകരിച്ചിട്ടില്ല എന്നും അതിലെ ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമെ, സിബിഐ, ദേശിയ വനിത കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. 

സിനിമയിലെ ലൈംഗിക പരാതികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന മൂന്നാമത്തെ ബെഞ്ച്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, അതിന് ശേഷം ഉയര്‍ന്ന പരാതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത മൂന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതിയുടെ മൂന്ന് വ്യത്യസ്ത ബെഞ്ചുകള്‍ ആണ്. ഇതില്‍ രണ്ട് ഹര്‍ജികള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോടതിയില്‍ എത്തിയിരുന്നു. മൂന്നാമത്തെ ഹര്‍ജി നാളെ കോടതി പരിഗണിക്കും.  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത് ജസ്റ്റിസ്മാരായ ഹൃഷികേശ് റോയ്, എസ് വി ഭട്ടി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെയാണ്. ഇരുവരും മുമ്പ് കേരള ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ആയിരുന്നു

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്ന ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസ് മാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ്. നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ഫയല്‍ ചെയ്ത ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്ക് ശേഷം ഈ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം നടന്‍ സിദ്ദിഖിന് എതിരായ പരാതിയില്‍  രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ്. കേസില്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം ഈ ബെഞ്ച് അനുവദിച്ചിരുന്നു. രണ്ട് ആഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും സുപ്രീം കോടതി പരിഗണിക്കും.