ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്ത തള്ളി ധനമന്ത്രാലയം. വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

To advertise here,

നിലവിൽ സർക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

2024-ലെ എസിഐ വേൾഡ്‌വൈഡ് റിപ്പോർട്ട് അനുസരിച്ച്, 2023 ൽ ആഗോള റിയൽ ടൈം ഇടപാടുകളിൽ 49 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റൽ പേയ്മെന്റ് വളർച്ചയിൽ ആഗോള തലത്തിൽ തന്നെ ഇന്ത്യ മുന്നിലാണെന്ന് ഉറപ്പിക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രാലയം കുറിപ്പിൽ പറയുന്നു.

2019-20 കാലത്ത് 21.3 ലക്ഷം കോടി രൂപയായിരുന്നു ഡിജിറ്റൽ ഇടപാട്. 2025 മാർച്ചോടെ ഇത് 260.56 ലക്ഷം കോടിയായി വർധിച്ചുവെന്നും ഇത് ഡിജിറ്റൽ പേയ്മെന്റ് രീതിയിൽ വർധിച്ചു വരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.