ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, അമിതമായ ഓൺലൈൻ ഗെയിം ശീലത്തെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചതായി റിപ്പോർട്ട്. കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നെന്നും അമിതമായ ഓൺലൈൻ ഗെയിമിങ് ശീലത്തെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ് കുട്ടികൾ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് കരുതുന്നത്. പുലർച്ചെ 2.30 ന് ഭാരത് സിറ്റി ഏരിയയിലാണ് ദാരുണസംഭവം.

To advertise here,

നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. "അമ്മേ, അച്ഛാ, ക്ഷമിക്കണം"എന്ന കുട്ടികളെഴുതിയ ഒരു പേജ് വരുന്ന കുറിപ്പ് കണ്ടുകിട്ടിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നെന്നും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

പോലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും അവരുടെ ഡിജിറ്റൽ പ്രവർത്തനങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ഓൺലൈൻ സംഭാഷണങ്ങളും ആപ്പ് ഉപയോഗ ചരിത്രവും വിശകലനം ചെയ്യാൻ സൈബർ വിദഗ്ദ്ധരുടെ സഹായം തേടിയേക്കുമെന്നും അവർ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)