ഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹ്‍ലോതും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. അമിത് ഷായില്‍നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന്‌ മുഖ്യമന്ത്രി അശോക് ഗഹ്‍ലോത് സച്ചിന്‍പക്ഷ എം.എല്‍.എമാരോട് അഭ്യർഥിച്ചു. പൊതുവേദിയില്‍വെച്ച്, പരസ്യമായിട്ടായിരുന്നു ഗഹ്‍ലോതിന്റെ പ്രസ്താവന.

To advertise here,

"2020-ല്‍ സര്‍ക്കാരിനെ വീഴ്ത്താനായി ചില എം.എല്‍.എമാര്‍ 10 മുതല്‍ 15 കോടി രൂപ വരെ അമിത് ഷായില്‍നിന്ന് വാങ്ങി. ഈ പണം തിരികെ നല്‍കണം, പണം ചെലവായിപ്പോയെങ്കില്‍ എ.ഐ.സി.സിയില്‍നിന്ന് വാങ്ങിത്തരാം. അമിത് ഷായുടെ പണം കയ്യിലുള്ള കാലം വരെ അയാള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിക്കും." ഗഹ്‍ലോത് ഡോല്‍പൂരിലെ പൊതുസമ്മേളനവേദിയില്‍ പ്രസംഗിച്ചു.

അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്നവനാണ് അശോക് ഗഹ്‍ലോത് എന്ന ധ്വനി പൊതുസമൂഹത്തില്‍ വരുത്തുംവിധം തുടര്‍ച്ചയായി സച്ചിന്‍ പൈലറ്റ് ഇടപെട്ടതിനെത്തുര്‍ന്നാണ് ഗഹ്‍ലോതിന്റെ മുന്നറിയിപ്പ്. ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ നടപടി വേണമെന്ന്‌ സ്വന്തം സര്‍ക്കരിനോടാവശ്യപ്പെട്ട് സമരം നടത്തിയ സച്ചിന്‍ പൈലറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ സംസാരിച്ചിരുന്നു. അഴിമതിക്കെതിരെ താന്‍ ശക്തമായി ശബ്ദമുയര്‍ത്തും. പക്ഷേ, ചിലര്‍ അങ്ങനെയല്ല എന്നായിരുന്നു ഗഹ്‍ലോതിനെ ലക്ഷ്യമാക്കിക്കൊണ്ട് സച്ചിന്റെ പ്രസ്താവന. ഒരേ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നുവെങ്കിലും ഭരണ - പ്രതിപക്ഷ നേതാക്കളെപ്പോലെയാണ് ഗഹ്‍ലോതും സച്ചിനും കഴിഞ്ഞ കുറച്ചുമാസമായി രാജസ്ഥാനില്‍ പരസ്പരം ഇടപെടുന്നത്.

കഴിഞ്ഞ രണ്ട് മാസമായി സച്ചിന്‍ പൈലറ്റും സര്‍ക്കാരും രണ്ട് തട്ടില്‍നിന്ന് തെരുവില്‍ വാക്‌പോര് നടത്തിയിട്ടും എ.ഐ.സി.സി. കാര്യമായി ഇടപെട്ടിട്ടില്ല. തിരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ ഇരുനേതാക്കളേയും സമവായത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ രാജസ്ഥാനില്‍ വലിയ തിരിച്ചടി നേരിടുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് വിലയിരുത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ രാജസ്ഥാനില്‍ ഗഹ്‍ലോത് പക്ഷം നടത്തിയ അച്ചടക്ക ലംഘനത്തില്‍ യാതൊരു നടപടിയും ഹൈക്കമാൻഡ് സ്വീകരിച്ചിട്ടില്ല എന്ന കാര്യം സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

2020-ലെ വിമത നീക്കത്തിന്റെ സമയത്ത്, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിയ്ക്കുന്നത് ശരിയല്ല എന്ന് ബി.ജെ.പി. നേതാവ് വസുന്ധര രാജെ സിന്ധ്യ നിലപാടെടുത്തു എന്നും ഗഹ്ലോത് ഡോല്‍പൂരിലെ വേദിയില്‍ പ്രസംഗിച്ചിരുന്നു. വസുന്ധരയുടെയും മറ്റ് രണ്ട് ബി.ജെ.പി. നേതാക്കളുടേയും നിലപാട് സര്‍ക്കാര്‍ വീഴാതിരിക്കാന്‍ നിര്‍ണായകമായി എന്നും ഗഹ്ലോത് പ്രസംഗിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഏല്‍ക്കാന്‍ പോകുന്ന വന്‍തോല്‍വി  കുറയ്ക്കാനുള്ള ഗഹ്ലോതിന്റെ ശ്രമം മാത്രമാണ് ഇത്തരം പ്രസ്താവനകളെന്ന്‌ വസുന്ധര രാജെ സിന്ധ്യ പ്രതികരിച്ചു. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കുറ്റമെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.