ചെന്നൈ: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പരിശീലകൻ ​ഗൗതം ​ഗംഭീറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ്.  തമിഴ്നാട് ബി.ജെ.പി വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതിയാണ് ​ഗംഭീറിനെതിരെ രം​ഗത്തെത്തിയത്. ​ഗംഭീറിനെ ഓസ്ട്രേലിയയിൽ തുടരാൻ ബി.സി.സി.ഐ അനുവദിക്കണമെന്ന് നാരായൺ പരിഹസിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പോസ്റ്റ് പിന്നീട് നാരായണൻ തിരുപ്പതി പിൻവലിച്ചു.

To advertise here,

ചോദിക്കുന്നതെല്ലാം കൊടുത്ത് ​ഗൗതം ​ഗംഭീറിനെ ഓസ്ട്രേലിയയിൽത്തന്നെ നിർത്തണമെന്ന് നാരായൺ തിരുപ്പതി പരിഹാസരൂപേണ ആവശ്യപ്പെട്ടു. പത്തുവർഷത്തിനുശേഷമാണ് ഇന്ത്യയിൽനിന്ന് ബോർഡർ ​ഗവാസ്കർ ട്രോഫി ഓസ്ട്രേലിയ തിരിച്ചുപിടിക്കുന്നത്. ഈ തോൽവിക്ക് പ്രധാന ഉത്തരവാദി പരിശീലകനായ ​ഗംഭീറാണെന്നാണ് ഉയർന്നുവന്നിരിക്കുന്ന വിമർശനം. ​ഗംഭീർ പരിശീലകനായശേഷം ഇന്ത്യയ്ക്ക് പല പ്രധാന മത്സരങ്ങളും വിജയിക്കാനായില്ല എന്നാണ് ഇതിന് തെളിവായി ക്രിക്കറ്റ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടയിലാണ് നാരായണൻ തിരുപ്പതിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. ​ഗൗതം ​ഗംഭീറിനെ ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കണം. അദ്ദേഹത്തിന്റെ ശിഷ്ടകാലം അവിടെത്തന്നെ ജീവിക്കട്ടെ. ബി.സി.സിഐ ഒരുപാട് കാര്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുവേണ്ടി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്കുവേണ്ടി ചെയ്യാൻ കഴിയുന്ന കാര്യം ​ഗംഭീറിനോട് ഓസ്ട്രേലിയയിൽത്തന്നെ തുടരാൻ ആവശ്യപ്പെടുക എന്നതാണ്. മേലാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു കാര്യത്തിലും ​ഗംഭീർ ഇടപെടരുത്. നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു.

മുൻപ് ബി.ജെ.പിയുടെ ഡൽഹിയിൽനിന്നുള്ള എം.പിയായിരുന്നു ​ഗൗതം ​ഗംഭീർ. രണ്ടാമത് അവസരം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയത്.