ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. വോട്ടിങ് യന്ത്രത്തില്‍ തിരിമറി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രതികരണം.

To advertise here,

'വോട്ടിങ് യന്ത്രങ്ങളെ വിമര്‍ശിച്ച ആഗോളതലത്തിലെ ഒരു വിദഗ്ധന്‍ പിന്നീട് അതിനെ പ്രശംസിച്ചു. ഇ.വി.എമ്മിന്റെ വിശ്വാസ്യത സംബന്ധിച്ച ആരോപണങ്ങള്‍ക്കോ പോരായ്മകള്‍ക്കോ തെളിവുകളില്ല. ഇ.വി.എമ്മില്‍ വൈറസോ ബഗ്ഗോ കയറ്റുക സാധ്യമല്ല. യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് ആവര്‍ത്തിച്ച് പല വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ.വി.എമ്മില്‍ പിഴവുകളില്ല. കൃത്രിമം നടത്തിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്', രാജീവ് കുമാര്‍ പറഞ്ഞു.

നേരത്തെ, വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സ്‌പേസ് എക്‌സ്- എക്‌സ് സി.ഇ.ഒ. ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. മനുഷ്യരോ നിര്‍മിത ബുദ്ധിയോ ഇ.വി.എം. ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇ.വി.എമ്മുകളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നുമായിരുന്നു മസ്‌കിന്റെ വാക്കുകള്‍. എന്നാല്‍, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടപടികളെ പ്രകീര്‍ത്തിച്ച് മസ്‌ക് തന്നെ പിന്നീട് രംഗത്തെത്തി. ഇന്ത്യ 64 കോടി വോട്ടുകള്‍ ഒരുദിവസം കൊണ്ട് എണ്ണി തീര്‍ത്തു. കാലിഫോര്‍ണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നീണ്ടുപോകുന്നതിനിടെ മസ്‌കിന്റെ പ്രതികരണം.