സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ഞാറാഴ്ച്ച വിരമിക്കുന്ന ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയെന്ന നിലയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ കേരളവും, വിവിധ മേഖലകളുമായി ബന്ധപ്പെട്ട്  സുപ്രധാനമായ 40- ഓളം വിധികളാണ് പ്രസ്താവിച്ചിട്ടുള്ളത്. അതില്‍ ചിലത് ചരിത്ര വിധികള്‍ കൂടിയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചുകള്‍ പുറപ്പടിവിച്ച കേരളവുമായി ബന്ധപ്പെട്ട വിധികളില്‍ ദൃശ്യ, പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ തലകെട്ടില്‍ ഇടം പിടിച്ച പതിനാലെണ്ണത്തെ സംബന്ധിച്ച് മാതൃഭൂമി ന്യൂസ് ഡല്‍ഹി ബ്യുറോ സ്പെഷ്യല്‍ കറസ്‌പോണ്ടന്റ് ഡോ. ബി. ബാലഗോപാല്‍ വിശദീകരിക്കുന്നു.

To advertise here,

ശബരിമലയില്‍ യുവതികളുടെ പ്രവേശനം ആകാം 

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി പ്രസ്താവിച്ച സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഈ വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ച ബെഞ്ചിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അംഗമായിരുന്നു. യുവതി പ്രവേശന വിധി പുനഃപരിശോധിക്കേണ്ടതില്ല എന്ന നിലപാടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്വീകരിച്ചത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ എതിര്‍പ്പ് മറികടന്ന് ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ നിയമപരമായ ചില വിഷയങ്ങള്‍ പരിഗണിക്കാന്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് അഞ്ചഅംഗ ഭരണഘടന ബെഞ്ച് രൂപം നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയിരുന്ന കാലഘട്ടത്തില്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് ചേര്‍ന്നില്ല. ശബരിമല യുവതി പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും, പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ വിധി നടപ്പാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും നിലപാട്. ഫലത്തില്‍ ശബരിമലയില്‍  യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി ആര്‍ക്കും താത്പര്യം ഇല്ലാതെ ഫ്രീസറിലായ അവസ്ഥയിലാണ്. 

നിയമസഭാ കയ്യാങ്കളി നടത്തിയവര്‍ വിചാരണ നേരിടണം 

placeholder
ബജറ്റ് അവതരണത്തിൽ നിന്ന് ധനമന്ത്രി കെഎം മാണിയെ തടയാൻ ശ്രമിച്ചുണ്ടായ കയ്യാങ്കളിക്കിടെ വി.ശിവൻകുട്ടിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതിനാൽ പുറത്തേക്ക് കൊണ്ടുപോകുന്നു (ഫയൽ ചിത്രം)

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വച്ച നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ്. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ കേസിലെ ആറു പ്രതികളും വിചാരണ നേരിടണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ അതിര് ജനപ്രതിനിധികള്‍ ലംഘിച്ചെന്ന രൂക്ഷമായ പരാമര്‍ശങ്ങളും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പടിവിച്ച വിധിയില്‍ ഉണ്ടായിരുന്നു. 

ജീവത പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ സമൂഹത്തിന് പങ്കില്ല

രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട വിധികളില്‍ ഒന്നാണ് ഹാദിയ കേസില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ വിധി. വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി തെറ്റാണെന്ന് വിധിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ്. ബെഞ്ചിന് വേണ്ടി വിധി എഴുതിയത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആയിരുന്നു. ഓരോ വ്യക്തിക്കും താല്‍പര്യമുള്ളയാളെ വിവാഹം ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗം ആണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. നിമയപരമായ മാര്‍ഗത്തിലൂടെ മാത്രമല്ലാതെ ഈ അവകാശം തിരിച്ച് എടുക്കാനാകില്ല. ജീവിതപങ്കാളിയെ തീരുമാനിക്കുന്ന കാര്യത്തില്‍ സമൂഹത്തിനു വഹിക്കാന്‍ ഒരു പങ്കുമില്ല എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ചാര കേസില്‍  നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണം. ഗൂഢാലോചന അന്വേഷിക്കണം 

placeholder
Nambi Narayanan | Photo: Mathrubhumi
നമ്പി നാരായണൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി

ഐഎസ്ആര്‍ഒ ചാരക്കേസില്‍  പ്രതി ചേര്‍ക്കപ്പെട്ട് പീഡനമേറ്റുവാങ്ങേണ്ടി വന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നമ്പി നാരായണന് നഷ്ടപരിഹാരം വിധിച്ചത്. നമ്പി നാരായണനെ കേസില്‍ കുടുക്കിയതിന് പിന്നിലെ ഗൂഡലോചന അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍  ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്കും സുപ്രീം കോടതിയുടെ ഈ ബെഞ്ച് രൂപം നല്‍കിയിരുന്നു. 

അരികൊമ്പനെ കൂട്ടിലടയ്ക്കുന്നത് തടഞ്ഞു

placeholder

അരികൊമ്പന്‍ മിഷനില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി നല്‍കുന്ന വിധിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പടിവിച്ചത്. പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി. അരികൊമ്പന്‍ ഉപദ്രവകാരിയായ ആന ആണെന്നും അതിനാല്‍ മയക്ക് വെടി വച്ച് പിടികൂടി കൂട്ടിലടയ്ക്കാന്‍ അനുവദിക്കണമെന്നും ആയിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ പറമ്പികുളത്തേക്ക് ആനയെ മാറ്റാന്‍ ഉള്ള തീരുമാനം വിദഗ്ദ്ധ സമിതിയുടേത് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്.

പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ മതനിന്ദയല്ല 

'ഒരു അഡാറ് ലവ്' സിനിമയിലെ 'മാണിക്യ മലരായ പൂവീ' എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ നടി പ്രിയ പ്രകാശ് വാര്യറുടെ കണ്ണിറുക്കല്‍ മതനിന്ദയാവില്ലെന്ന് വിധിച്ച സുപ്രീം കോടതി ബെഞ്ചില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്ഉം  ഉള്‍പ്പെട്ടിരുന്നു. പ്രിയ പ്രകാശ് വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈദരാബാദിലെ  ഫലക് നാമ സ്റ്റേഷനിലും ഔറംഗബാദിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. 

പുനര്‍നിയമനം റദ്ദാക്കി ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇറക്കി

placeholder
Dr Gopinath Raveendran | Photo: C Sunil Kumar| Mathrubhumi

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആയിരുന്നു. പുനര്‍നിയമന ഉത്തരവ് ചാന്‍സലറാണ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന സുപ്രധാനമായ നിര്‍ദേശം സുപ്രീം  സുപ്രീംകോടതി നല്‍കിയതും ഈ ഉത്തരവില്‍ ആയിരുന്നു.

മാധ്യമങ്ങള്‍ക്കുമേല്‍ സര്‍ക്കാരുകളുടെ അനാവശ്യ നിയന്ത്രണങ്ങള്‍ പാടില്ല. മീഡിയ വണ്‍ വിലക്ക് നീക്കി 

മീഡിയ വണ്‍ ചാനലിനു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കു റദ്ദാക്കിയത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്ഉം ജസ്റ്റിസ് ഹിമ കോഹ്ലിയും അടങ്ങിയ ബെഞ്ചാണ് . ചാനല്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതു മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിയില്‍ രേഖപ്പെടുത്തി. ദേശസുരക്ഷ ചൂണ്ടിക്കാട്ടി പൗരാവകാശം ലംഘിക്കുന്നതു നിയമവിരുദ്ധമാണ്. ഊര്‍ജസ്വലമായ ജനാധിപത്യത്തിനു സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അനിവാര്യമാണ്. മാധ്യമങ്ങള്‍ക്കുമേല്‍ സര്‍ക്കാരുകളുടെ അനാവശ്യ നിയന്ത്രണങ്ങള്‍ പാടില്ല എന്നും മീഡിയ വണ്‍ കേസില്‍ പുറപ്പടിവിച്ച വിധിയില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. 

ഇടവകാംഗത്തിനു പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കല്‍ 

യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍കളുടെ പള്ളികളിലെ ഇടവകാംഗത്തിനു പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കുന്ന നിയമം കേരള നിയമസഭ പാസ്സാക്കിയത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ്. മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരിയില്‍ മൃത്യദേഹം അടക്കം ചെയ്യാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജി  ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, അജയ് റസ്തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആയിരുന്നു പരിഗണിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെ പള്ളി സെമിത്തേരികളില്‍ മൃതദേഹ സംസ്‌കാരം നടത്തുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉചിതമായ ഫോറത്തില്‍ ഉന്നയിക്കാന്‍ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് യാക്കോബായ സഭയ്ക്ക് അനുമതി നല്‍കിയിരുന്നു. അതെ സമയം യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ തര്‍ക്കവുമായി ബന്ധപ്പെട്ട് കെ എസ് വര്‍ഗീസ് കേസില്‍ ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് അനുകൂലമായ ഉത്തരവ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തിരുന്നു.

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ചിലതില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ

കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിന് എതിരെ കേരളവും, ടി പി രാമകൃഷ്ണന്‍ എംഎല്‍എ യും സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രധാനമായ ചില ഇടപെടലുകളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിന് എതിരെയും,ബില്ലുകളില്‍ ചിലത് രാഷ്ട്രപതിക്ക് അയച്ചതിന് എതിരെയും ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാഷ്ട്രപതിയുടെ സെക്രട്ടറിക്കും, ഗവര്‍ണര്‍ക്കും നോട്ടീസ് അയച്ചില്ല. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും, ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചു. കേരളം നിയമ പോരാട്ടം ആരംഭിച്ചതിന് ശേഷം സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ബില്ലുകളില്‍ ചിലതില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. ഈ റിട്ട് ഹര്‍ജികളും, വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ചില കേസുകളിലും തീര്‍പ്പാക്കാതെയാണ് ചീഫ് ജസ്റ്റിസ് പടിയിറങ്ങുന്നത്. 

രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം

രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ആയിരിക്കും പൂര്‍ണ അവകാശം എന്ന ഒത്ത് തീര്‍പ്പ് വ്യവസ്ഥക്ക് അംഗീകാരം നല്‍കിയത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആയിരുന്നു. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് ആയിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകാരം നല്‍കിയത്. ബെഞ്ച് അംഗീകരിച്ച ഒത്ത് തീര്‍പ്പ് വ്യവസ്ഥ പ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരിച്ച് നല്‍കും.  ശ്രീകുമാര്‍ മേനോന്‍ അഡ്വാന്‍സായി നല്‍കിയ ഒന്നേകാല്‍കോടി രൂപ എം ടി തിരികെ നല്‍കും. ശ്രീകുമാര്‍ മേനോന് മഹാഭാരതം ആസ്പദമാക്കി മറ്റൊരു സിനിമ എടുക്കുന്നതിന് തടസ്സമില്ല. എന്നാല്‍ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കാന്‍ കഴിയില്ല എന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

സര്‍ക്കാരിന്റെ കണക്ക് പുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാര തുക എത്തേണ്ടത്

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വൈകിയ കേരള സര്‍ക്കാരിനെ രൂക്ഷമായിട്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌ന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വിമര്‍ശിച്ചിരുന്നത്. സര്‍ക്കാരിന്റെ കണക്ക് പുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാര തുക എത്തേണ്ടത് എന്നായിരുന്നു ചീഫ് ജസ്റ്റിസ്‌ന്റെ നിലപാട്. 2017 ജനുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പിന്നീട് നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ചികിത്സ, സാന്ത്വന പരിചരണ വിഷയങ്ങള്‍ എന്നിവ കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്കായി വിട്ടതും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.

(ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡന്റെ ഭാര്യ പിതാവ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത് കാസര്‍ഗോഡ് ജില്ലയില്‍ ആയിരുന്നു. കേരളത്തില്‍ ഡോ. ഡി വൈ ചന്ദ്രചൂഡ് ഏറ്റവും അധികം സഞ്ചരിക്കുകയും, താമസിക്കുകയും ചെയ്തിട്ടുള്ളതും കാസര്‍ഗോഡാണ്)

ജില്ലാ ജഡ്ജി നിയമനം ചട്ടവിരുദ്ധം എങ്കിലും, നിയമനം ലഭിച്ചവരെ സംരക്ഷിച്ച് ഉത്തരവിറക്കി

2017-ലെ ജില്ലാ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിധി പ്രസ്താവിച്ചത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചാണ്. എഴുത്ത് പരീക്ഷയ്ക്കും, ഇന്റര്‍വ്യൂവിനും ഇന്റര്‍വ്യൂവിനും ശേഷം നിയമന നടപടികളില്‍ മാറ്റം വരുത്തിയത് തെറ്റാണെന്ന് ബെഞ്ച് വിധിച്ചു. എന്നാല്‍ നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ച് വിടുന്നില്ലെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി.

മുത്തലാഖില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനാകില്ല 

മുത്തലാഖ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് പരാതിക്കാരിയായ മുസ്ലിം സ്ത്രീയുടെ വാദം കോടതി കേള്‍ക്കണം. മുത്തലാഖ് നിയമപ്രകാരം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. മുത്തലാഖ് നിയമപ്രകാരം കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതി ഉത്തരവ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നത് പോലെ മുത്തലാഖ് കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.