ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ക്കാന്‍ ആലോചന. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് (വ്യാഴാഴ്ച) ഇ.ഡിയ്ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് സുപ്രീം കോടതിയെ അറിയിക്കും. 

To advertise here,

എ.എ.പിയെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് എ.എ.പി. ആണെന്നാണ് ഇ.ഡിയുടെ പ്രധാന വാദം. 

ഇതേത്തുടര്‍ന്നാണ് എ.എ.പി. കള്ളപ്പണ ഇടപാടിന്റെ ഗുണഭോക്താവ് ആണെങ്കില്‍ എന്തുകൊണ്ട് അവരെ കേസില്‍ പ്രതി ചേര്‍ക്കുന്നില്ല എന്ന കാര്യത്തില്‍ വ്യക്തത നല്‍കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഇ.ഡിയോട് ആവശ്യപ്പെട്ടത്. 

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഇ.ഡി. ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും എ.എ.പിയെയും അതിന്റെ ഭാരവാഹികളെയും പ്രതി ചേര്‍ക്കുന്ന കാര്യം സുപ്രീം കോടതിയെ അറിയിക്കാനും തീരുമാനിച്ചത്. 

എ.എ.പി. പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരേ നടപടി എടുക്കുകയാണെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമോ എന്നതാണ് ഏറ്റവും സുപ്രധാനകാര്യം.