ന്യൂഡൽഹി: ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് വിശദീകരണം. രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് വർഷവും നാല് മാസവും ഗവർണർ പദവിയിലിരുന്നതിന് ശേഷമായിരുന്നു ബൈജാലിന്റെ രാജി.

To advertise here,

ഡല്‍ഹിയുടെ ഭരണാധികാരം ലെഫ്. ഗവര്‍ണര്‍ക്ക് നൽകിക്കൊണ്ടുള്ള നിയമഭേദഗതി കഴിഞ്ഞ വർഷമാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെ ഡൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള അധികാര വടംവലികൾ രൂക്ഷമായിരുന്നു. ലഫ്. ഗവര്‍ണര്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ കൈകള്‍ ബന്ധിച്ചിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു.

2016ലാണ് ഡല്‍ഹിയുടെ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ ആഭ്യന്തര സെക്രട്ടറിയായ അനില്‍ ബൈജാലിനെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്യുന്നത്. നജീബ് ജങിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നായിരുന്നു നിയമനം.

1969 ഐ.എ.എസ്.ബാച്ചുകാരനാണ് ബൈജാല്‍. വാജ്പയി സർക്കാരിന്റെ കീഴിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി‌രുന്നു അദ്ദേഹം. 2006 ൽ നഗരവികസന വകുപ്പ് സെക്രട്ടറിയായിരിക്കുമ്പോളാണ് വിരമിച്ചത്.