ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദ ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഡോ. ഷഹീന്‍ ഷാഹിദ് രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ദുബായിലേക്ക് കടക്കാനായിരുന്നു പദ്ധതി. രാജ്യം വിടാനുള്ള ശ്രമത്തിനായി പാസ്‌പോര്‍ട്ടിന് അപേക്ഷയും നല്‍കിയിരുന്നു. ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഇവര്‍ അറസ്റ്റിലാവുകയായിരുന്നു. അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച തീവ്രവാദ മൊഡ്യുളിന്റെ പ്രധാന നേതാവാണ് ഡോ. ഷഹീന്‍. നവംബര്‍ 11-നാണ് ഷഹീന്‍ ഷാഹിദ് ലഖ്നൗവില്‍വെച്ച് അറസ്റ്റിലാവുന്നത്.

To advertise here,

അല്‍-ഫലാഹ് കാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന മൊഡ്യൂളിന് ഷഹീന്‍ ഷാഹിദ് നേതൃത്വം നല്‍കിയിരുന്നു എന്ന് അന്വേഷകര്‍ പറയുന്നു. മൊഡ്യൂളില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഷഹീന്‍ ഇടപെട്ട് പരിഹരിക്കുമായിരുന്നു. ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് സ്വന്തം സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരെയും ആയിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ജമ്മു കശ്മീര്‍, സഹാറന്‍പൂര്‍, ഫരീദാബാദ് എന്നിവിടങ്ങളില്‍ അറസ്റ്റുകള്‍ നടന്നതോടെയാണ് ഡോക്ടര്‍മാരുടെ ഈ ശൃംഖല തകരാന്‍ തുടങ്ങിയത്. ഒക്ടോബര്‍ 30-ന് ഷഹീന്റെ സഹപ്രവര്‍ത്തകനായ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായി അറസ്റ്റിലായതോടെയാണ് ഷഹീന്റെ പങ്കാളിത്തം സംബന്ധിച്ച സൂചനകള്‍ ജമ്മു കശ്മീര്‍ പോലീസിന് കിട്ടിയത്. മുസമ്മില്‍ ഉപയോഗിച്ചിരുന്ന ഷഹീന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറില്‍നിന്ന് ഒരു അസോള്‍ട്ട് റൈഫിള്‍ കണ്ടെത്തിയിരുന്നു.

ഇതിനിടെ ഇവര്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കി. നവംബര്‍ 3-ന് ഫരീദാബാദില്‍നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അല്‍-ഫലാഹ് കാമ്പസില്‍ എത്തി ഷഹീന്റെ ചിത്രം എടുത്തിരുന്നു. എന്നാല്‍, ഈ സമയത്ത് തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫരീദാബാദ് പോലീസിന് കൈമാറിയിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെ വ്യാപകമായ അറസ്റ്റ് ഉണ്ടായതോടെ ഇവരുടെ പദ്ധതികള്‍ തകര്‍ന്നുതുടങ്ങി. നവംബര്‍ 10-ന് നടന്ന സ്‌ഫോടനവുമായി ബന്ധമുള്ള മൂന്ന് കാറുകളില്‍ ഒന്നായ മാരുതി ബ്രെസയും സെപ്റ്റംബറില്‍ ഷഹീന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

നവംബര്‍ 9-ന് ഫരീദാബാദിലെ രണ്ട് വാടക സ്ഥലങ്ങളില്‍നിന്ന് 3,000 കിലോഗ്രാം അമോണിയം നൈട്രേറ്റും മറ്റ് സ്‌ഫോടകവസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ഈ വന്‍ സ്‌ഫോടകശേഖരം മുസമ്മില്‍ ആണ് സംഘടിപ്പിച്ചത്. ഈ സ്‌ഫോടക വസ്തുക്കളും അമോണിയം നൈട്രേറ്റുമാണ് കശ്മീരിലെ നൗഗാമിലേക്ക് മാറ്റിയത്. ഇവയാണ് വെള്ളിയാഴ്ച രാത്രി പരിശോധനയ്ക്കിടെ പൊട്ടിത്തെറിച്ചത്.