
ന്യൂഡല്‍ഹി: ഒരാളുടെ മരണത്തിനും എട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ടെര്‍മിനല്‍ ഒന്നിലെ തകര്‍ന്ന മേല്‍ക്കൂര 2008-2009 കാലഘട്ടത്തില്‍ നിര്‍മിച്ചതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു പറഞ്ഞു.
തകര്‍ന്ന മേല്‍ക്കൂര ഈ വര്‍ഷം മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്ത ടെര്‍മിനല്‍ ഒന്നിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കെട്ടിടം മറുവശത്താണ്. ഇവിടെ തകര്‍ന്ന കെട്ടിടം പഴയ കെട്ടിടമാണ്. ഇത് 2009-ല്‍ ഉദ്ഘാടനം ചെയ്തതാണ്', അപകടശേഷം ഡല്‍ഹി വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ നായിഡു പറഞ്ഞു.
മാര്‍ച്ചില്‍ പ്രധാനമന്ത്രി 9,800 കോടി രൂപയുടെ 15 വിമാനത്താവള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഈ പദ്ധതിയില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ വികസന പദ്ധകളും ഉള്‍പ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നിനായി പണി തീര്‍ക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തതിന്റെ ബാക്കിപത്രമാണ് വിമാനത്താവളത്തിലെ അപകടമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കഴിഞ്ഞ 10 വര്‍ഷമായി അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ മോദി സര്‍ക്കാര്‍ അഴിമതിയും കുറ്റകരമായ അനാസ്ഥയും കാട്ടിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കനത്ത മഴയെത്തുടര്‍ന്ന് നടന്ന അപകടത്തില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര വാഹനങ്ങള്‍ക്ക് മുകളിൽ പതിക്കുകയായിരുന്നു. അപകടത്തിൽ ഒരാള്‍ മരിക്കുകയും എട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: Delhi airport roof collapse-modi inaugurated different building-minister
Published: 28 Jun 2024, 12:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented