പനാജി: കൂറുമാറി ബിജെപിയിലെത്തിയ എം.എല്‍.എ.മാര്‍ക്കുവേണ്ടി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് ഗോവന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിലേഷ് കാബ്രല്‍. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന എട്ട് എം.എല്‍.എ.മാരില്‍ ഒരാള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുന്നതിനായി, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തന്നോട് ത്യാഗംചെയ്യാന്‍ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി ഒരു ദിവസത്തിനു ശേഷമാണ് കാബ്രലിന്റെ രാജി.

To advertise here,

ഇതോടെ പുതുതായി ബിജെപിയില്‍ ചേര്‍ന്ന നുവേം എം.എല്‍.എ അലക്‌സിയോ സിക്വോറയെ ഞായറാഴ്ച വൈകീട്ട് മന്ത്രിസഭയിൽ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 'മന്ത്രിസഭയില്‍ നിന്നുള്ള രാജി നിലേഷ് കാബ്രല്‍ മുഖ്യമന്ത്രിക്ക് കൈമാറി. അലക്‌സിയോ സിക്വോറ ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും', വക്താവ് പറഞ്ഞു. 

'താങ്കളുടെയും പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളുടെയും അഭ്യര്‍ഥന പ്രകാരവും നേരത്തെ ഉണ്ടാക്കിയ ധാരണ അനുസരിച്ചും ഞാൻ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നു', മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ അഭിസംബോധനചെയ്തുകൊണ്ടുള്ള രാജിക്കത്തില്‍ നിലേഷ് കാബ്രല്‍ പറഞ്ഞു. 

'ഇത് പാര്‍ട്ടിയുടെ തീരുമാനമാണ്. പാര്‍ട്ടിയിലെ പ്രധാനപ്പെട്ട അംഗമാണ് കാബ്രല്‍. ഇത്തരം സാഹചര്യത്തില്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ ത്യാഗംചെയ്യേണ്ടിവരും', മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സാവന്ത് നയിക്കുന്ന ഗോവയിലെ ബിജെപി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടനയാണിത്.