ന്യൂഡല്‍ഹി: ജുഡീഷ്യറിയോ എക്‌സിക്യൂട്ടീവോ പാര്‍ലമെന്റോ അല്ല, ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്നും അതിന്റെ സ്തംഭങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. ജുഡീഷ്യറി അതിരു കടക്കുന്നുവെന്ന സമീപകാല വിധികളെ ഉദ്ധരിച്ചുകൊണ്ട്  ചില ഭാഗങ്ങളിൽനിന്ന് വിമര്‍ശനങ്ങള്‍ ഉയർന്നുവരുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം. മുംബൈയില്‍ നടന്ന ഒരു അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'ജുഡീഷ്യറിയോ എക്‌സിക്യൂട്ടീവോ പാര്‍ലമെന്റോ അല്ല, മറിച്ച് ഇന്ത്യയുടെ  ഭരണഘടനയാണ് പരമോന്നതം, ഈ മൂന്നു വിഭാഗങ്ങളും ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണം' അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന ഘടന ശക്തമാണെന്നും ഭരണഘടനയുടെ മൂന്നു സ്തംഭങ്ങളും തുല്യരാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. 'ഭരണഘടനയുടെ എല്ലാ ഘടകങ്ങളും പരസ്പരം സഹകരിക്കുകയും അര്‍ഹമായ ബഹുമാനം നല്‍കുകയും വേണം' ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര, ഗോവ ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച അനുമോദന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി,  ഡിജിപി, മുംബൈ പോലീസ് കമ്മിഷണര്‍ എന്നീ മൂന്ന് പ്രധാന ഉദ്യോഗസ്ഥരുടെ അഭാവം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഓരോ ഭരണഘടനാ സ്ഥാപനവും മറ്റ് സ്ഥാപനങ്ങളോട് പരസ്പര ബഹുമാനം കാണിക്കുകയും പെരുമാറുകയും വേണം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകുകയും ആദ്യമായി മഹാരാഷ്ട്ര സന്ദര്‍ശിക്കുകയും ചെയ്യുമ്പോള്‍, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അല്ലെങ്കില്‍ മുംബൈ പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് അവിടെ ഹാജരാകുന്നത് ഉചിതമല്ലെന്ന് തോന്നിയാല്‍, അവര്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പ്രോട്ടോക്കോളുകള്‍ ഒരു പുതിയ കാര്യമല്ല, ഒരു ഭരണഘടനാ സ്ഥാപനം മറ്റൊന്നിന് നല്‍കുന്ന ബഹുമാനത്തിന്റെ ചോദ്യമാണിത്' ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.

ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലവന്‍ ആദ്യമായി സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍, അവരോട് പെരുമാറുന്ന രീതി പുനഃപരിശോധിക്കണം.  ഇവ ചെറിയ കാര്യങ്ങളായി തോന്നാം, പക്ഷേ പൊതുജനങ്ങളെ അവയെക്കുറിച്ച് ബോധവാന്മാരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.