
ബെംഗളൂരു: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ കള്ളവോട്ട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി പരാതി നൽകി കോൺഗ്രസ്. കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.
കള്ളവോട്ട് ചേർക്കാൻ കൂട്ടുനിന്ന ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരെയും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരെയും സസ്പെൻഡ് ചെയ്യുകയും പിഴയടപ്പിക്കുകയും ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. കർണാടകത്തിലെ മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക പരിശോധിക്കുക, ഡിജിറ്റൽ വോട്ടർപട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, പട്ടികയിൽ സംശയകരമായ രീതിയിൽ വോട്ടർമാരെ കൂട്ടിച്ചേർത്തതോ ഒഴിവാക്കിയതോ പകരം ചേർത്തതോ ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കുക, ഇത്തരം സംശയാസ്പദമായ വോട്ടുകൾ അതത് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു ഫലത്തിൽ എന്തുമാറ്റമാണുണ്ടാക്കിയതെന്ന് പരിശോധിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
അതേസമയം, കള്ളവോട്ട് ആരോപണമുന്നയിച്ച് കോൺഗ്രസ് നൽകിയ പരാതിയിൽ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. എങ്കിലേ പരാതിയിൽ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്ന് വ്യക്തമാക്കി. ആരോപണം സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നിയമത്തിലെ 20(3- ബി) വകുപ്പ് പ്രകാരം സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശിച്ചത്.
ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകൾ ചേർത്തതായി രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണമാണ് പരാതിയിൽ ഉന്നയിച്ചത്. പരാതി സത്യവാങ്മൂലമായി സമർപ്പിക്കണമെന്ന് വ്യാഴാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. താൻ പരസ്യമായ സത്യവാങ്മൂലമാണ് ജനങ്ങൾക്കുമുൻപിൽ നടത്തിയ ആരോപണങ്ങളെന്ന് രാഹുൽ മറുപടിയും നൽകിയിരുന്നു.
Content Highlights: Congress filed complaint with Election Commission alleging fake votes Karnataka`s Lok Sabha election
Published: 09 Aug 2025, 12:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented