
ബെംഗളൂരൂ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ആ പദവിയിലേക്ക് കൊണ്ടുവരാൻ നീക്കംനടക്കുന്നതായുള്ള വാർത്തകൾ കോൺഗ്രസ് തള്ളി. ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് പിന്നാലെയാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. എന്നാൽ, വരാനിരിക്കുന്ന രാജ്യസഭാ, നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പുകൾ ചർച്ചചെയ്യാനാണ് യോഗം ചേർന്നതെന്നും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്ദിരാ ഭവനിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല എന്നിവർ പങ്കെടുത്തു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച കണക്കുകൾ മാത്രമാണ് സംസാരിച്ചതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ സിദ്ധരാമയ്യയും ശിവകുമാറും നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
അതേസമയം, അടുത്തദിവസംതന്നെ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈക്കമാൻഡ് ഡി.കെ ശിവകുമാറിന്റെ ആവശ്യത്തെ പിന്തുണച്ചതായും അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നൽകാൻ അനകൂലമായ നിലപാട് സ്വീകരിച്ചതായും റിപ്പോർട്ട് പറയുന്നു.
തന്നെ അനുകൂലിക്കുന്ന ഒരു കൂട്ടം മന്ത്രിമാർക്കൊപ്പമാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിന് പകരം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. രാജ്യസഭാ സീറ്റ് സ്വീകരിച്ചാൽ ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാതിരിക്കുന്നതിനായി ഒരു സമവായ നീക്കമെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെടുമെന്നും സൂചനകളുണ്ടായിരുന്നു.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആരംഭിച്ച അധികാരത്തർക്കം കർണാടക കോൺഗ്രസിൽ ഇപ്പോഴും പുകയുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി അന്ന് ഇരുവരും അവകാശവാദം ഉന്നയിച്ചപ്പോൾ ഹൈക്കമാൻഡ് ഇടപെട്ട് ഒരു റൊട്ടേഷണൽ മുഖ്യമന്ത്രി ഫോർമുല രൂപീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ഫോർമുല പ്രകാരം ആദ്യ 2.5 വർഷം സിദ്ധരാമയ്യയും ബാക്കി കാലാവധി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകണമെന്നായിരുന്നു ധാരണ. ആദ്യ പകുതി കഴിയാറായതോടെ ഡി.കെ.യുടെ അനുയായികൾ സമ്മർദ്ദം ശക്തമാക്കിയതായി വാർത്തകളുണ്ടായിരുന്നു.
കർണാടകയിൽ മുൻപുണ്ടാക്കിയ ധാരണകൾ പാലിക്കണമെന്ന് ഹൈക്കമാൻഡ് സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മത്സരിപ്പിക്കാമെന്നും കേന്ദ്രത്തിൽ നിർണ്ണായക പദവി നൽകാമെന്നും നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, സിദ്ധരാമയ്യ ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്നുള്ള സൂചനകൾ.
നിലവിൽ പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം എം.എൽ.എമാരും തനിക്കൊപ്പമാണെന്ന ഉറച്ച നിലപാടിലാണ് സിദ്ധരാമയ്യ. എന്നാൽ, കേരളത്തിൽ ഭൂരിപക്ഷം നോക്കിയല്ല നേതൃത്വം തീരുമാനമെടുത്തതെന്നും അതുപോലെ കർണാടകയിലും കേന്ദ്ര നേതൃത്വം ഇടപെടണമെന്നുമാണ് ഡി.കെ. ശിവകുമാർ പക്ഷം ആവശ്യപ്പെടുന്നത്. താൻ സ്ഥാനമൊഴിയേണ്ടിവന്നാൽ വിശ്വസ്തരായ ജി. പരമേശ്വരയെപ്പോലെയുള്ള ദളിത് നേതാക്കളെ മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും സിദ്ധരാമയ്യ പക്ഷം നടത്തുന്നുണ്ടെന്നാണ് സൂചന.
Content Highlights: Congress dismisses Karnataka leadership change rumors, confirming Delhi meeting focused on Rajya Sabha and MLC elections.
Published: 26 May 2026, 08:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented